ലഖ്നോ: യു.പിയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും യു.പി മുഖ്യമന്ത്രി ആദിത്യനാഥും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. യു.പിയിലെ 10 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, യു.പി മുഖ്യമന്ത്രിയെ മാറ്റുന്നത് യോഗത്തിൽ ചർച്ചയായിലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും യോഗി മന്ത്രിസഭയിലും ബി.ജെ.പി സംസ്ഥാന ഘടകത്തിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ വ്യക്തതവരൂ.
കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തിൽ പാർട്ടിയാണ് സർക്കാറിനേക്കാളും വലുതെന്ന് കേശവ് മൗര്യ പറഞ്ഞിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി നേടിയ തകർപ്പൻ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ നിരവധി ബി.ജെ.പി നേതാക്കൾ തങ്ങളുടെ തോൽവിക്ക് കാരണം യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് കൂടിക്കാഴ്ചകൾ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വരുന്നത്. യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയിൽ ബി.ജെ.പി നിയന്ത്രണങ്ങൾ കൊണ്ടു വരാനുള്ള സാധ്യതകളിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.
അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കാൻ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തയാറായില്ല. എന്നാൽ, ഇക്കാര്യത്തിൽ വിമർശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പി അട്ടിമറി രാഷ്ട്രീയം ഇപ്പോൾ സ്വന്തം പാർട്ടിയിൽ തന്നെയാണ് പയറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
അധികാരത്തിനായുള്ള ബി.ജെ.പിക്കുള്ളിലെ പോരാട്ടത്തിൽ ഭരണം പിന്നിൽ നിൽക്കുകയാണ്. മറ്റ് പാർട്ടികൾക്കുള്ളിൽ പയറ്റിയ അട്ടിമറി രാഷ്ട്രീയമാണ് ഇപ്പോൾ ബി.ജെ.പി സ്വന്തം പാർട്ടിക്കുള്ളിൽ പയറ്റുന്നത്. അതുകൊണ്ടാണ് ബി.ജെ.പി അഭ്യന്തര സംഘർഷങ്ങളുടെ ചെളിക്കുണ്ടിലേക്ക് കൂപ്പുകുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.