ന്യൂഡൽഹി: വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ യുഎസ്‍ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ.പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ‘ജൂസ് ജാക്കിങ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിങ് രീതിയെ പൊതുവെ വിളിക്കുന്നത്.
അതിനാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകൾ കൈയ്യിൽ കരുതണം, പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ ബന്ധിപ്പിക്കാതിരിക്കണം, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.ഏതെങ്കിലും തരത്തിലുള്ള സൈബർ കുറ്റകൃത്യം നടക്കുകയോ അതിനു സാധ്യതയുണ്ടെന്നോ അറിഞ്ഞാൽ www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാം.