സർവകലാശാലകൾക്ക് വർഷത്തിൽ രണ്ട് തവണ പ്രവേശനം നടത്താം; യു.ജി.സി

ബോർഡ് പരീക്ഷാ ഫലം വൈകൽ, ആരോഗ്യവും വ്യക്തിപരവുമായ പ്രശ്നങ്ങൾ എന്നിവ കാരണം ജൂലൈ-ആഗസ്റ്റ് സമയ​ത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് പുതിയ രീതി ഉപകാരപ്രദമാകും. നിലവിൽ ​പ്രവേശനം നഷ്ടപ്പെട്ടാൽ ഒരു വർഷം കാത്തിരിക്കണം

author-image
Anagha Rajeev
New Update
ff
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇന്ത്യയിലെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024-2025 അധ്യയന വർഷം മുതൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകാൻ അനുമതി നൽകിയതായി യൂനിവേഴ്സിറ്റ് ഗ്രാൻറ്സ് കമ്മീഷൻ അധ്യക്ഷൻ ജഗദീഷ് കുമാർ പറഞ്ഞു. ജൂലൈ-ആഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെയാകും പ്രവേശന സമയം. വിദേശ സർവകലാശാലകളുടെ പ്രവേശന നടപടികളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും ജഗദീഷ് കുമാർ പറഞ്ഞു.

ബോർഡ് പരീക്ഷാ ഫലം വൈകൽ, ആരോഗ്യവും വ്യക്തിപരവുമായ പ്രശ്നങ്ങൾ എന്നിവ കാരണം ജൂലൈ-ആഗസ്റ്റ് സമയ​ത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് പുതിയ രീതി ഉപകാരപ്രദമാകും. നിലവിൽ ​പ്രവേശനം നഷ്ടപ്പെട്ടാൽ ഒരു വർഷം കാത്തിരിക്കണം. ഇത് ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് പലരെയും പിന്നോട്ടടിപ്പിക്കും. പുതിയ രീതി വരുന്നതോടെ ഇതിൽ മാറ്റമുണ്ടാകും.

ദ്വൈവാർഷിക പ്രവേശനം നടക്കുന്നതിനാൽ വലിയ കമ്പനികൾക്ക് വർഷത്തിൽ രണ്ട് തവണ കാമ്പസ് റിക്രൂട്ട്മെന്റുകൾ നടത്താൻ സാധിക്കും. ഇത് വിദ്യാർഥികൾക്ക് വലിയ ജോലി സാധ്യതയാണ് തുറക്കു​കയെന്നും ജഗദീഷ് കുമാർ പറഞ്ഞു.

ലോകമെമ്പാടുമുള്ള സർവകലാശാലകൾ ദ്വൈവാർഷിക പ്രവേശന സംവിധാനമാണ് പിന്തുടരുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ രീതി സ്വീകരിക്കുന്നതോടെ അവർക്ക് അന്താരാഷ്ട്ര സഹകരണങ്ങളും വിദ്യാർഥി കൈമാറ്റ പദ്ധതികളും വിപുലീകരിക്കാൻ സാധിക്കും. തൽഫലമായി ഇന്ത്യയുടെ ആഗോള മത്സരശേഷി മെച്ചപ്പെടും. കൂടാതെ ആഗോള വിദ്യാഭാസ നിലവാരത്തിലേക്ക് ഉയരുമെന്നും ജഗദീഷ് കുമാർ പറയുന്നു.

university grant commission