ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധന: കമ്മിഷനെതിരെ ശിവസേന

നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യവത്മാലില്‍ പ്രചാരണത്തിനെത്തിയ ഉദ്ധവിന്റെ ബാഗ് പരിശോധിച്ചത് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു

author-image
Prana
New Update
uddav thackeray

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന (യു.ബി.ടി.) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധിച്ച സംഭവത്തിലെ വിവാദങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യവത്മാലില്‍ പ്രചാരണത്തിനെത്തിയ ഉദ്ധവിന്റെ ബാഗ് പരിശോധിച്ചത് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.
ചൊവ്വാഴ്ചയും സമാനപരിശോധന നടന്നതായി ഉദ്ധവിന്റെ മകന്‍ ആദിത്യ ആരോപിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പി. നേതാക്കളുടെ ബാഗുകള്‍ പരിശോധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടേയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസിന്റേയും അജിത് പവാറിന്റേയും ബാഗുകള്‍ പരിശോധിച്ചോയെന്ന് ഉദ്ധവ് അധികൃതരോട് ചോദിക്കുന്നതും വീഡിയോയില്‍നിന്ന് വ്യക്തമാണ്. 'നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നു, ഞാന്‍ എന്റേതും നിറവേറ്റും. എന്റെ ബാഗ് പരിശോധിച്ചതുപോലെ നിങ്ങള്‍ മോദിയുടേയും ഷായുടേയും ബാഗ് പരിശോധിച്ചോ', ഉദ്ധവ് ഉദ്യോഗസ്ഥരോട് ചോദിച്ചു.
അതിനിടെ, പരിശോധനാവിവാദത്തില്‍ മഹായുതിക്കെതിരെ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റൗട്ടും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ ജോലിചെയ്യുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് പറഞ്ഞ അദ്ദേഹം, ഷിന്ദേയും അജിത്തും 25 കോടിരൂപവീതം എത്തിച്ചുവെന്ന് ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ ബാഗും മഹായുതി നേതാക്കളുടെ ഹെലിക്കോപ്റ്ററും പരിശോധിച്ചോ? മഹായുതി നേതാക്കള്‍ അവരുടെ ബാഗില്‍ അടിവസ്ത്രങ്ങള്‍ മാത്രമേ കൊണ്ടുനടക്കാറുള്ളോയെന്നും അദ്ദേഹം ആരാഞ്ഞു. സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി എന്‍.സി.പി. (എസ്.പി.) അധ്യക്ഷന്‍ ശരദ് പവാര്‍, എ.എ.പി. എം.പി. സഞ്ജയ് സിങ് എന്നിവര്‍ രംഗത്തെത്തി.

 

maharashtra shivsena election commision uddav takare