മുംബൈ: ഇനിയെങ്കിലും മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകുമോയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കഴിഞ്ഞ ഒരുവർഷമായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. ആർ.എസ്.എസ് പോലും ഇക്കാര്യം പറയുന്നു. ഈ സാഹചര്യത്തിൽ ഇനിയെങ്കിലും മോദി മണിപ്പൂർ സന്ദർശിക്കാൻ തയാറാകുമോ എന്ന് മുംബൈയിൽ നടന്ന വാർത്ത സമ്മേളനത്തിനിടെ താക്കറെ ചോദിച്ചു.
ജമ്മുകശ്മീരിനെ പ്രത്യേക പദവിയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാക്കണമെന്ന് സൂചിപ്പിച്ച ഉദ്ധവ് താക്കറെ റിയാസി ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടമായതിൽ മോദിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഓരോ ജീവനുകളും നഷ്ടപ്പെടുകയാണ്. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന് ആരാണ് ഉത്തരം പറയുക?-ഉദ്ധവ് ചോദിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോർത്താണ് തനിക്ക് ആശങ്കയെന്നും അല്ലാതെ എൻ.ഡി.എ സർക്കാരിനെ കുറിച്ച് ഓർത്തിട്ടല്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
ഒരു യഥാർഥ സേവകന് തന്റെ ജനങ്ങളെ വേദനിപ്പിക്കാനാവില്ലെന്നും ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
തുടർന്ന് ആർ.എസ്.എസും ബി.ജെ.പിയും തമ്മിലെ ഭിന്നതയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നതെന്ന് സൂചിപ്പിച്ച് ഭൂപേഷ് ബാഗേൽ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. രാജ്യസഭ എം.പി കപിൽ സിബലും ഭാഗവതിന്റെ പരാമർശത്തിൽ പ്രതികരിച്ചിരുന്നു. പ്രതിപക്ഷം മണിപ്പൂരിനെ കുറിച്ച് നിരവധി തവണ ആശങ്ക പ്രകടിപ്പിച്ചിട്ടും മോദി അത് ചെവിക്കൊണ്ടില്ലെന്നായിരുന്നു സിബലിന്റെ വിമർശനം.