മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സംയുക്ത വാർത്താ സമ്മേളനവുമായി മഹാവികാസ് അഘാഡി നേതാക്കൾ. നിയമസഭയിലും സഖ്യം തുടരുമെന്ന സൂചനയാണു ഉദ്ദവ് നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എം.വി.എ പ്രകടനം ഒരു തുടക്കം മാത്രമാണെന്നും ഇതോടെ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പും അധികം വൈകാതെ എത്തുകയാണ്. മഹാവികാസ് അഘാഡിയുടെ ഈ തെരഞ്ഞെടുപ്പ് വിജയം അന്ത്യമല്ല. ഇവിടെ തുടങ്ങുകയാണെന്നും ഉദ്ദവ് പറഞ്ഞു.
ഇതുവരെയും മോദി സർക്കാരായിരുന്നു ഇത്. ഇപ്പോൾ എൻ.ഡി.എ സർക്കാരായി മാറിയിട്ടുണ്ട്. എത്രകാലം ഈ സർക്കാർ നിലനിൽക്കുമെന്നു കാത്തിരുന്നു കാണാം. ബി.ജെ.പി തന്നെയാണ് 400 സീറ്റ് മുദ്രാവാക്യം ഉയർത്തിയത്. മോദിയുടെ ഗ്യാരന്റിക്കും അഛേ ദിൻ മുദ്രാവാക്യത്തിനുമെല്ലാം എന്തു സംഭവിച്ചു? ഓട്ടോറിക്ഷയുടെ മുച്ചക്രം എന്നു പറഞ്ഞാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഞങ്ങളുടെ സർക്കാരിനെ ആക്ഷേപിച്ചിരുന്നത്. ഇപ്പോൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ സ്ഥിതിയും അതുതന്നയല്ലേയെന്നും ഉദ്ദവ് പരിഹസിച്ചു.