100 സീറ്റെന്ന ആവശ്യത്തിലുറച്ച് ഉദ്ധവ്; അന്തിമ തീരുമാനം ഇന്ന്

ചെറിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് സന്നദ്ധത അറിയിച്ചിട്ടും ഉദ്ധവ് വിഭാഗം കടുംപിടിത്തം തുടരുന്നതായാണ് സൂചന. 

author-image
Vishnupriya
New Update
uddav thackeray

മുംബൈ: 100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തിൽ എത്താനാകാതെ ഇന്ത്യ മുന്നണി . സീറ്റ് വിഭജനം ഇന്നു പൂർത്തിയാകുമെന്ന് സംസ്ഥാന പിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു. സീറ്റ് തർക്കം തുടരുന്ന മഹായുതിയിലെ (എൻഡിഎ) പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെട്ടിട്ടുണ്ട്. സഖ്യകക്ഷികളായ എൻസിപി അജിത് വിഭാഗത്തിനും ശിവസേനാ ഷിൻഡെ വിഭാഗത്തിനും ഏതാനും സീറ്റുകൾ ബിജെപി വിട്ടുകൊടുത്തേക്കും.

ഇതുവരെ കെട്ടുറപ്പോടെ നീങ്ങിയ ഇന്ത്യാ സഖ്യത്തിൽ ഏതാനും സീറ്റുകളുടെ പേരിലുള്ള തർക്കമാണ് തലവേദനയായി മാറിയിരിക്കുന്നത്. കോൺഗ്രസും ശിവസേനാ ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിൽ മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്. 

തങ്ങൾ മത്സരിക്കാനിരുന്ന വിദർഭയിലെ രാംടെക്, മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് അടക്കം ഏതാനും സീറ്റുകളിൽ അന്തിമധാരണയാകുന്നതിനു മുൻപേ ഉദ്ധവ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ചെറിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് സന്നദ്ധത അറിയിച്ചിട്ടും ഉദ്ധവ് വിഭാഗം കടുംപിടിത്തം തുടരുന്നതായാണ് സൂചന. 

സെഞ്ചറി തികയ്ക്കാൻ രണ്ടോ, മൂന്നോ സിക്സറുകൾ അടിച്ചാൽ മതിയെന്നാണ് 85 സീറ്റ് ലഭിച്ച ഉദ്ധവ് വിഭാഗത്തിലെ മുതിർന്ന നേതാവായ സഞ്ജയ് റാവുത്ത് ഇന്നലെ പ്രതികരിച്ചത്. നൂറു സീറ്റാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് ഇത് അംഗീകരിക്കുന്നില്ല. ജയസാധ്യതയുള്ള ഒട്ടേറെ സീറ്റുകൾ എങ്ങനെ ഉദ്ധവ് വിഭാഗത്തിനു വിട്ടുകൊടുക്കുമെന്നതാണ് അവരുടെ ചോദ്യം.

INDIA alliance uddav takare