ലക്‌നൗ: യു പി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം...കാലാകാലങ്ങളായി ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ തിളങ്ങിനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യം. അയോദ്ധ്യ രാമക്ഷേത്രവും ബീഫ് നിരോധനവുമൊക്കെക്കൂടിക്കലര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിളനിലം. അങ്ങനെ ഒരുപാട് വിശേഷണങ്ങളുള്ള യു പിയില്‍ ഇക്കുറി അടതെറ്റുന്നത് ബിജെപിയോ, ഇന്ത്യ മുന്നണിയോ.
ഇന്ത്യമുന്നണിയെ നയിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ ഇവിടെ സാധിക്കുന്നുള്ളു. ഒരുതരത്തില്‍ മോദിയും അഖിലേഷ് യാദവും തമ്മിലുള്ള പോരാട്ടമായി യു പി തിരഞ്ഞെടുപ്പിനെ വിലയിരുത്താം. സാമ്പ്രദായിക സാമുദായിക വോട്ടുബാങ്കുകള്‍ പലയിടത്തും പുറംതിരിഞ്ഞുനില്‍ക്കുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുസ്ലിം വിരുദ്ധ കാമ്പയിന് നേതൃത്വം നല്‍കുന്നത് ഈയൊരു പരിഭ്രാന്തിയില്‍നിന്നാണ്.
അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ബീഫ് ഉപയോഗത്തിന് അനുമതി നല്‍കും എന്നാണ് യോഗിയുടെ ഒടുവിലത്തെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള അവകാശം നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം എന്നാണ് യോഗിയുടെ പരാതി. യോഗിയും മോദിയും നടത്തുന്ന മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍, യു.പിയിലെ വോട്ടെടുപ്പിനുള്ള വര്‍ഗീയ മുതലെടുപ്പുകൂടി ലക്ഷ്യം വച്ചാണ്.
യു.പിയിലെ സാമുദായിക സമവാക്യങ്ങളില്‍ വന്ന മാറ്റം ബി.ജെ.പിയെ ഇത്തവണ പരിഭ്രാന്തമാക്കുന്നത് എന്തുകൊണ്ടാണ്.
അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി പ്രയോഗിക്കുന്ന പുതിയ ജാതി- സമുദായ പരീക്ഷണമാണ് അതില്‍ ഒന്ന്. പരമ്പരാഗത യാദവ- മുസ്ലിം വോട്ടുബാങ്കുപുറമേ, പിഡിഎ എന്ന പുതിയ സമവാക്യവുമായാണ്- പിന്നാക്ക വിഭാഗം- ദളിത്- ന്യൂനപക്ഷ സഖ്യവുമായി എസ്.പി രംഗത്തുള്ളത്.
മുസ്ലിം- യാദവ് വോട്ടില്‍ മാത്രം ലക്ഷ്യം വക്കുന്നത് മറ്റു വിഭാഗങ്ങളുമായുള്ള അകലം കൂട്ടിയിട്ടുണ്ടെന്നും അത് കുറയ്ക്കാനുള്ള മരുന്ന് എന്ന നിലയില്‍ പരമാവധി സീറ്റ് നേടാനും ഈ വിഭാഗങ്ങളെ കൂടി ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതുവരെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരുന്ന യാദവേതര ഒ.ബി.സിക്കാര്‍ക്കും, ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ഇക്കുറി ഇടം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ജനസംഖ്യയില്‍ 60- 65 ശതമാനവും ഒ.ബി.സി- ദളിത് വിഭാഗമാണ്. ബി.ജെ.പിയാണ് ഈ വോട്ടുബാങ്കിന്റെ പരമ്പരാഗത ഗുണഭോക്താക്കള്‍. ഇത്തവണ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ഒ.ബി.സി- ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത് ഇന്ത്യ മുന്നണിയാണ്.
ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 29 പിന്നാക്ക വിഭാഗ സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്.
ബി.ജെ.പിയുടെ 32 സ്ഥാനാര്‍ഥികള്‍ മുന്നാക്ക ജാതിയില്‍ പെട്ടവരാണ്. ഇവരില്‍ 17 പേര്‍ ബ്രാഹ്‌മണരും 11 പേര്‍ താക്കൂറുകാരുമാണ്. അതായത്, ബ്രാഹ്‌മണ- താക്കൂര്‍ ജാതിയില്‍പെട്ട സ്ഥാനാര്‍ഥികളുടെ എണ്ണം ആകെയുള്ള ഒ.ബി.സി സ്ഥാനാര്‍ഥികള്‍ക്ക് തുല്യമാണ്. ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ ഒരു മുസ്ലിം പോലുമില്ല. സംവരണ സീറ്റുകളില്‍ മാത്രമാണ് ദളിത് സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്ത് 17 സംവരണ മണ്ഡലങ്ങളാണുള്ളത്.
സമാജ്വാദി പാര്‍ട്ടിയുടെ സ്വാധീനമേഖലയായ യാദവ വിഭാഗത്തിനെതിരെ യാദവേതര വിഭാഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള വോട്ടുബാങ്ക് ധ്രുവീകരണമാണ് യു.പിയില്‍ ബി.ജെ.പി പയറ്റുന്നത്. ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിഷാദ് പാര്‍ട്ടി, അപ്നാ ദള്‍, രാഷ്ട്രീയ ലോക്ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവയുമായി ബി.ജെ.പി സഖ്യത്തിലാണ്. ഈ ചെറിയ പാര്‍ട്ടികള്‍ക്ക് അവരുടേതായ പോക്കറ്റുകളില്‍ സ്വാധീനശക്തിയുമുണ്ട്.
മുസ്ലിം- യാദവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് എസ്.പിക്കെതിരായ ബി.ജെ.പി കാമ്പയിന്‍. മാത്രമല്ല, 27 ശതമാനം ഒ.ബി.സി ക്വാട്ടയിലൂടെ യാദവ വിഭാഗം പിന്നാക്ക ജാതികളായ കുര്‍മികള്‍, ജാട്ടുകള്‍, ഗുര്‍ജാറുകള്‍ എന്നിവരുടെ സര്‍ക്കാര്‍ ജോലിയും രാഷ്ട്രീയ പ്രാതിനിധ്യവും തട്ടിയെടുക്കുന്നു എന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നു. ഇതിന്റെ മറവിലാണ് യാദവേതര- പിന്നാക്ക വോട്ടുകളിലേക്ക് പാര്‍ട്ടി നുഴഞ്ഞുകയറുന്നത്.
സമാജ്വാദി പാര്‍ട്ടി 62 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എസ്.പിയുടെ ഏറ്റവും സ്വാധീന സമുദായ വിഭാഗങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന യാദവ- മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് 62-ല്‍ ഒമ്പതുപേര്‍ മാത്രമാണുള്ളത് എന്നതാണ് ഇത്തവണത്തെ വലിയ സവിശേഷത. സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഈ രണ്ടു സമുദായങ്ങള്‍ക്കും കൂടി 15 ശതമാനത്തില്‍ താഴെ സ്ഥാനാര്‍ഥികളാണ് എസ്.പിക്കുള്ളത്.
2014-ല്‍ എസ്.പിയുടെ 16 ശതമാനം സ്ഥാനാര്‍ഥികളും മുസ്ലിങ്ങളും 16 ശതമാനം യാദവരും 23 ശതമാനം യാദവേതര ഒ.ബി.സിയുമായിരുന്നു. 2019-ല്‍ പത്ത് ശതമാനം മുസ്സ്‌ലിങ്ങളും 29 ശതമാനം യാദവരും 24 ശതമാനം യാദവേതരുമായിരുന്നു എസ്.പി സ്ഥാനാര്‍ഥികള്‍.
സമാജ്വാദി പാര്‍ട്ടിയുടെ 30 സ്ഥാനാര്‍ഥികള്‍ ഒ.ബി.സിക്കാരാണ്. ഇവരില്‍ അഞ്ചുപേര്‍ മാത്രമാണ് യാദവ വിഭാഗക്കാര്‍. ഈ അഞ്ചുപേരും പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ വംശപരമ്പരയില്‍നിന്നുള്ളവരാണ് എന്ന കൗതുകവുമുണ്ട്. അഖിലേഷ് യാദവിന്റെ പങ്കാളി ഡിംപിള്‍ മെയിന്‍പുരിയില്‍ സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് യാദവ്, ആദിത്യ യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും സ്ഥാനാര്‍ഥിലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്.
14 ദളിത് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എസ്.പി, രണ്ട് ജനറല്‍ സീറ്റുകളില്‍ ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്- മീററ്റില്‍ സുനിത വര്‍മയും ഫൈസാബാദില്‍ അവദേശ് പ്രദേശും.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മധ്യവര്‍ഗ ഒ.ബി.സി വിഭാഗങ്ങളിലാണ് എസ്.പി ഇത്തവണ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഈ വിഭാഗത്തിലെ കുര്‍മി സമുദായത്തില്‍നിന്ന് പത്തു സ്ഥാനാര്‍ഥികളുണ്ട്. ശാക്യ, സെയ്‌നി, കുശവ, മൗര്യ വിഭാഗങ്ങളില്‍നിന്ന് ആറു പേരെയും പരിഗണിക്കുന്നു. പശ്ചിമ യു.പിയിലെ ഭൂവുടമാ ഒ.ബി.സി വിഭാഗങ്ങളായ ജാട്ടുകള്‍, ഗുര്‍ജാറുകള്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് ഓരോ സ്ഥാനാര്‍ഥികള്‍ വീതമാണുള്ളത്.
കോണ്‍ഗ്രസ് അംറോഹ, സഹറാന്‍പുര്‍ എന്നിവിടങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. തനിച്ചു മത്സരിച്ച് യു.പിയില്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് പുനരുജ്ജീവിപ്പിക്കുക എന്ന ആത്മഹത്യാപരമായ തീരുമാനമാണ് ഇത്തവണ മായാവതിയുടേത്.
മുസ്ലിം പ്രാതിനിധ്യമില്ലായ്മ എന്ന ആക്ഷേപം നേരിടാന്‍ പസ്മന്ദ മുസ്ലിംകളെ ഉയര്‍ത്തിക്കാട്ടിയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി കാമ്പയിന്‍. ഒ.ബി.സി- ദളിത് മുസ്ലിങ്ങളിലെ ഒരു ഉപ വിഭാഗമാണിവര്‍. യു.പിയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 85 ശതമാനവും ഇവരാണ്. കോണ്‍ഗ്രസും എസ്.പിയും പസ്മന്ദ മുസ്ലിങ്ങകളെ നിരന്തരം അവഗണിക്കുകയാണെന്ന് അലീഗഡിലെ ബി.ജെ.പി യോഗത്തില്‍ മോദി പറയുകയുണ്ടായി.
പടിഞ്ഞാറന്‍ യു.പിയിലെ മുസ്ലിം സ്വാധീനമേഖലകളില്‍ ബി.ജെ.പി ശക്തമല്ല. സഹാറന്‍പുര്‍, ബിജ്‌നോര്‍, അംറോഹ, സംഭാല്‍, മൊറാദാബാദ്, നാഗിന തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. മാത്രമല്ല, ബി.ജെ.പി പട്ടികയിലെയും കേന്ദ്ര മന്ത്രിസഭയിലെയും മുസ്ലിം അസാന്നിധ്യം, പസ്മന്ദ മുസ്ലിംകള്‍ ഗുണഭോക്താക്കളായിരുന്ന മൗലാനാ അബ്ദുല്‍കലാം ആസാദ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള അഖിലേഷിന്റെ കാമ്പയിനുമുന്നില്‍ ബി.ജെ.പിക്ക് കാര്യമായ പ്രതിരോധമുയര്‍ത്താനുമാകുന്നില്ല.
പശ്ചിമ യു.പിയില്‍ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കായ രജ്പുത് എന്ന താക്കൂര്‍ വിഭാഗം, ഇത്തവണ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. തങ്ങളുടെ സമുദായത്തിന് അര്‍ഹമായ എണ്ണം സ്ഥാനാര്‍ഥികളെ ലഭിച്ചില്ല എന്ന പരാതി മഹാപഞ്ചായത്തുകളില്‍ വ്യാപകമാണ്. ഏപ്രില്‍ 18ന് ഗാസിയാബാദിലെ ധൗലാനയില്‍ നടന്ന മഹാപഞ്ചായത്തില്‍ സമുദായത്തിലെ ആരും ബി.ജെ.പിക്ക് വോട്ടു ചെയ്യരുത് എന്ന ആഹ്വാനം പോലുമുണ്ടായി. ഏപ്രില്‍ ഏഴിന് സഹാറന്‍പുരില്‍ രജ്പുത്തുകള്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിലും, പശ്ചിമ യു.പിയിലെ 10 ശതമാനം വരുന്ന തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ ഈ സമുദായം പ്രതിഷേധിച്ചു. ഇത് ബി.ജെ.പിക്ക് മുമ്പില്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.
ഇതിനിടയില്‍, ബി.എസ്.പിയുടെ തനിച്ചുള്ള മത്സരം ബി.ജെ.പിക്ക് അനുകൂലമാകുമെന്ന നിരീക്ഷണങ്ങളുണ്ട്. ദളിതരുടെയും പാര്‍ശ്വവല്‍കൃതരുടെയും ശബ്ദമായിരുന്നു ഒരു കാലത്ത് ബി.എസ്.പി. ഒരു ദശാബ്ദം കൊണ്ട് ആ തരംഗം തകര്‍ന്നടിഞ്ഞു. വോട്ടുശതമാനം ഇരട്ട അക്കത്തിലെത്തിക്കാന്‍ പാര്‍ട്ടി പാടുപെടുകയാണ്. ബി.ജെ.പിയുടെ ബി ടീം എന്നാണ് ബി.എസ്.പിയെ എസ്.പിയും കോണ്‍ഗ്രസും വിശേഷിപ്പിക്കുന്നത്. മായാവതിയാകട്ടെ, ഈ പാര്‍ട്ടികളുടെ വോട്ട് അടിത്തറയിലേക്കാണ് നുഴഞ്ഞുകയറുന്നത്. പടിഞ്ഞാറന്‍ യു.പിയിലെ ന്യൂനപക്ഷ മണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ഥികളാണെങ്കില്‍ അതേ പ്രാതിനിധ്യം ബ്രാഹ്‌മണ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിട്ടുണ്ട്.
ദളിത് രാഷ്ട്രീയം മുന്നില്‍വച്ച് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും ആദ്യ ലോക്‌സഭാ മത്സരത്തിലാണ്. ഇന്ത്യ മുന്നണിയുമായി ധാരണയിലെത്താനാകാതെ ചന്ദ്രശേഖര്‍ ആസാദ് നാഗിന മണ്ഡലത്തില്‍നിന്ന് സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും എതിരെയാണ് മത്സരിക്കുന്നത്. 2019-ല്‍ എസ്.പിയുമായി സഖ്യമുണ്ടായിരുന്ന ബി.എസ്.പി ജയിച്ച സംവരണമണ്ഡലമാണിത്. ആസാദിന്റെ വരവോടെ, മുസ്ലിം- ദലിത് വോട്ടുകള്‍ മൂന്നു പാര്‍ട്ടികള്‍ക്കുമായി വിഭജിക്കപ്പെടുന്ന അവസ്ഥയാണ്.
അമേഠി വിട്ട് റായ്ബറേലിയിലെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ഒളിച്ചോട്ടമെന്ന പ്രയോഗമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. സോണിയയുമായി ആത്മബന്ധം ഉണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രിയങ്കയായിരുന്നു കുറച്ചുകൂടി നല്ലതെന്ന് പറയുന്നവരാണ് അവിടത്തെ കോണ്‍ഗ്രസ് നേതത്വം. ഇത് അടിയൊഴുക്കിനുള്ള ആക്കവും കൂട്ടിയിട്ടുണ്ട്.
ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും തങ്ങളുടെ പരമ്പരാഗത സാമുദായിക വോട്ടു രാഷ്ട്രീയത്തെ കൂടുതല്‍ പ്രായോഗികമായി വികസിപ്പിച്ചെടുക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പറയാം. ഈ സാഹചര്യത്തില്‍ യു.പിയിലെ 80 സീറ്റുകള്‍ ഏറെ നിര്‍ണായകമായി മാറുകയാണ്.