കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊൽക്കത്തയിൽ ടൈഫോയ്ഡ്, വൈറൽ ഫീവർ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ എന്നീ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നെന്ന് ഡോക്ടർമാർ.എല്ലാ വർഷവും ഈ സമയത്ത് ഇത് സാധാരണമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എന്‌ററിക് ഫീവറിന് കാരണമാകുന്ന സാൽമോണല്ല ടൈഫി ബാക്ടീരിയ, ഇ കോളി, ക്യാംപിലോബാക്ടർ ജെജുനി, വിബ്രിയോ കോളറെ എന്നിവയും ഷിഗെല്ല കേസുകളും വിവിധ രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്.
ചെറിയ രീതിയിലുള്ള വയറുവേദനയിലാണ് ലക്ഷണങ്ങൾ ആരംഭിക്കുന്നത്. 103-104°F (39-40°C) വരെ ഉയരുന്ന കടുത്ത പനിയാണ് ടൈഫോയ്ഡ് ഫീവറിന്റെ ലക്ഷണങ്ങളിലൊന്ന്.ഈ രോഗികൾക്ക് പലപ്പോഴും കടുത്ത ബലഹീനതയും ക്ഷീണവും അനുഭവപ്പെടുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. അടിവയറ്റിലെ വേദനയും അസ്വസ്ഥതകളും, പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയും സാധാരണമാണ്. ടൈഫോയ്ഡ് ഫീവർ കേസുകളിൽ ചെറിയ രീതിയിൽ തുടങ്ങി കഠിനമാകുന്ന നിരന്തരമായ തലവേദനയും പതിവാണ്.
വൈറൽ, ബാക്ടീരിയൽ, പരാന്നഭോജികൾ എന്നിവയിൽ നിന്നുള്ള അണുബാധ, മലിനമായ ഭക്ഷണമോ വെള്ളമോ വഴി ഉണ്ടാകുന്ന അണുബാധ, ഫുഡ് അലർജി, മരുന്നുകളുടെ പാർശ്വഫലം, ഇൻഫ്‌ലമേറ്ററി ബവൽ ഡിസീസ് എന്നിവ ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് പ്രധാന കാരണമാണ്.മാത്രമല്ല സമ്മർദവും ഉത്കണ്ഠയും രോഗലക്ഷണങ്ങൾ വർധിപ്പിക്കും. ഇത് ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും വറുവേദന, വയറിളക്കം, ഛർദി തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യുന്നു.
മൺസൂൺ ആരംഭം, മലിനമായ വെള്ളത്തിന്‌റെയും ഭക്ഷണത്തിന്‌റെയും ഉപഭോഗം എന്നിവയാണ് സമീപകാലത്തുണ്ടായ അണുബാധയ്ക്ക് കാരണമായി കരുതപ്പെടുന്നത്. ശുചിത്വം ശീലമാക്കുകയും അണുബാധ പിടിപെടാനുള്ള സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വഴി രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാം. ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുൻപും ബാത്ത് റൂമിൽ കയറിയശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. രോഗബാധയുള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.