ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതരുടെ ആക്രമണം.ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സി.ആർ.പി.എഫിനു നേരെ ആക്രമണം നടത്തുകയായിരുന്നു.ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു.
പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘം സി.ആർ.പി.എഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആർ.പി.എഫിന്റെ ഔട്ട്പോസ്റ്റിനുള്ളിൽ വെച്ചാണ് ബോംബ് പൊട്ടിയത്.സി.ആർ.പി.എഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി കലാപബാധിത മേഖലയായ മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർത്തിരുന്നു.ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ചില ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിൽ ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഉറിപോക്ക്, ഇറോയിഷേംബ, കിയാംഗെ എന്നിവിടങ്ങളിലും സംഘർഷമുണ്ടായിരുന്നു.