ന്യൂഡൽഹി: ഹരിയാനയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ദേവേന്ദർ കദ്യാൻ, രാജേഷ് ജൂൺ എന്നീ എംഎൽഎമാരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിയാനനിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൂർത്തിയായി 24 മണിക്കൂർ തികയും മുമ്പായിരുന്നു സംസ്ഥാനത്ത് രണ്ട് പേർ ബിജെപിയിൽ ചേർന്നതെന്നതും ശ്രദ്ധേയമാണ്.
ദേവേന്ദർ കദ്യാൻ ഗനൗറിൽ ബിജെപി വിമതനായാണ് സ്വതന്ത്രനായി മത്സരിച്ചിരുന്നത്. ബാഹാദുർഗയിൽ നിന്നാണ് രാജേഷ് ജയിച്ചുകയറിയത്.സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്ത്രീ കൂടിയായ സാവിത്രി ജിൻഡലും ബിജെപിയെ പിന്തുണച്ചേക്കും. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അവർ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സ്വത്രന്ത്രയായി മത്സരിച്ചത്. ഹിസാറിൽ നിന്നാണ് സാവിത്രി ജിൻഡൽ വിജയിച്ചത്.
90 അംഗ ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഹാട്രിക്കടിച്ച് അധികാരത്തിലേറിയത്. കോൺഗ്രസ് 37 സീറ്റിൽ വിജയിച്ചപ്പോൾ ഐഎൻഎൽഡിക്ക് രണ്ടും സീറ്റുകൾ ലഭിച്ചിരുന്നു. മൂന്നിടങ്ങളിൽ സ്വതന്ത്രരായിരുന്നു വിജയിച്ചത്. ഇവരുടെ പിന്തുണയും ഇപ്പോൾ ബിജെപിക്ക് ലഭിച്ചിരിക്കുകയാണ്.