സീറോ – മലബാർ സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവർക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തിൽ പറഞ്ഞു. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്ന് വിമത വിഭാഗം വൈദികർ പറയുന്നു.
സഭയിലെ രണ്ട് ബിഷപ്പുമാരും, കർദ്ദിനാൾ ജോർജ് ആലഞ്ചേരി ക്കെതിരെ വ്യാജരേഖ നിർമ്മിച്ച കേസിലെ പ്രതികളായ വൈദികരും, ഭൂമി വിൽപന കുംഭകോണത്തിൽ ആലഞ്ചേരിക്കെതിരെ ആരോപണം ഉയർത്തിയ വൈദികനുമെതിരെയാണ് പരാതി. ഇവർ രാജ്യദ്രോഹികളായ ഭീകരവാദികൾക്ക് സഹായം ചെയ്യുന്നവരാണെന്നും, ഇവർക്കെതിരെ അന്വേഷണം വേണമെന്നും കാണിച്ച് കർദിനാൾ അനുകൂലികളാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി കൈമാറിയിരിക്കുന്നത്.
അതേസമയം, വൈദീകപട്ടം നൽകുന്ന വൈദികർ സഭയുടെ ഔദ്യോഗിക കുർബാന ചൊല്ലണമെന്നത് നിസ്തർക്കമാണെന്ന് സിറോ മലബാർ സഭ വ്യക്തമാക്കി. സുന്നഹദോസ് അംഗീകരിച്ചതും മാർപാപ്പ ആവശ്യപ്പെട്ടിരിക്കുന്നതുമായ രീതിയിൽ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീളുന്നതെന്നും സഭ വ്യക്തമാക്കി. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് നിലപാട്. ഏകീകൃത കുർബാനയർപ്പണം പൂർണമായും നടപ്പാക്കാത്ത സാഹചര്യമാണ്
എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലവിലുള്ളത്. കുർബാന വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശികതാൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ അർപ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങൾ അംഗീകരിച്ച് ഒന്നിച്ചുനീങ്ങണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് സഭ വാർത്താക്കുറിപ്പിൽ പറഞ്ഞു.
തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.