തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍മൂലം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണ ഉത്തരവിറക്കിയിട്ടുണ്ട്.
'ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു.സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കും. അസൗകര്യമുണ്ടായ യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായുള്ള സൗകര്യം ഒരുക്കുമെന്നും എയര്‍ ഇന്ത്യയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമായിരുന്നു. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി എട്ടേ പത്തോടെയാണ് വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്.