ഉപ്പ് തൊട്ട് സോഫ്റ്റ്‌വെയർ വരെ; വ്യാവസായിക ഇന്ത്യയുടെ കിരീടമണിയാത്ത രാജാവ്

ഭൂമി മുതൽ ആകാശം വരെ തൻ്റെ കൈയൊപ്പ് പതിപ്പിച്ചൊരാൾ.

author-image
Vishnupriya
New Update
dc

ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പുതിയ ചവിട്ടുപടികൾ നൽകിയ ഭീഷ്മാചാര്യൻ, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ ചാണക്യൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിൽ കൊണ്ടെത്തിച്ച വ്യക്തിത്വം. ഉപ്പു തൊട്ട് സാങ്കേതിക വിദ്യവരെ, ഭൂമി മുതൽ ആകാശം വരെ തൻ്റെ കൈയൊപ്പ് പതിപ്പിച്ചൊരാൾ. വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയ്ക്ക്.

വ്യാവസായിക ഇന്ത്യയുടെ ശില്പികളിലൊരാളായ രത്തൻ ടാറ്റ ഇനി ഓർമ മാത്രമാണ്. ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് വിടപറഞ്ഞത്. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വരുമാനം 5.7 ബില്ല്യൺ ഡോളറിൽ നിന്ന് 100 ബില്ല്യൺ ഡോളറിലേക്കാണ് വർദ്ധിച്ചത്. 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

വിദേശകമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തുന്നതിൽ രത്തൻ ടാറ്റയുടെ പങ്ക് നിർണായകമായിരുന്നു. ബ്രിട്ടനിലെ ടെറ്റ്‌ലി ടീയെ 2000-ത്തിൽ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബൽ ബെവ്‌റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി എന്നീ വലിയ ബ്രാൻഡുകൾ ടാറ്റ ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയതും രത്തൻ ടാറ്റയായിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ആഗോള വളർച്ചയ്ക്കും പ്രധാന പങ്കുവഹിച്ചു.

കുട്ടികളില്ലാതെ, രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ സംബന്ധിച്ച് എല്ലാ ചർച്ചകളും വലിയ തോതിൽ ഊഹാപോഹങ്ങൾക്ക് വിഷയമായിട്ടുണ്ട് എക്കാലത്തും. കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തൻ ടാറ്റയുടെ സിദ്ധാന്തം. രത്തൻ ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ പിൻ​ഗാമി ആരാകും എന്നത് വലിയ പ്രാധാന്യത്തോടെയാണ് രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നത്. ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തുനിന്നു രത്തൻ ടാറ്റ 12 വർഷം മുമ്പ് തന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എങ്കിലും ഇന്നും ഇന്ത്യയിലെ നല്ലൊരു ജനങ്ങൾക്കും ടാറ്റ എന്നാൽ രത്തൻ ടാറ്റയാണ്. നേതൃപദവിയിൽനിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു.

വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാൻ എത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളിൽ. ടാറ്റയുടെ ചരിത്രത്തിൽ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയർമാൻ സ്ഥാനത്തിന്, പക്ഷേ, നാലുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് അതിനാടകീയമായി മിസ്ത്രിയെ പുറത്താക്കി.

സൈറസ് പി. മിസ്ത്രി പുറത്തായതിന് പിന്നാലെ എൻ. ചന്ദ്ര​ശേഖരൻ എന്ന നടരാജൻ ചന്ദ്രശേഖരൻ ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തി. ടാറ്റ സൺസിൻ്റെ ചെയർമാനായി 2017-ലാണ് എൻ ചന്ദ്രശേഖരൻ ചുമതലയേൽക്കുന്നത്. ഇതിന് പുറമേ കുടുംബത്തിൽ നിന്നുള്ള മറ്റു ചിലർ വിവിധ ബിസിനസുകളിൽ നേതൃസ്ഥാനങ്ങളിലുണ്ട്. അവരിലാരെങ്കിലും ഭാവിയിൽ നേതൃത്വം ഏറ്റെടുക്കുമെന്നണ് പ്രതീക്ഷിക്കപ്പെടുന്നത്. നേതൃത്വം ഏറ്റെടുക്കാൻ ഏറ്റവും സാധ്യതയുള്ളയാളായി ഉയർന്നു കേൾക്കുന്നത് നോയൽ ടാറ്റയുടെ പേരാണ്. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.

എന്നാൽ നേതൃപദവിയുടെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തൻ ടാറ്റയുടെ പക്ഷം. പക്ഷെ , രത്താൻ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകൾ ചിന്തിക്കുമ്പോൾ സ്വാഭാവികമായും ആദ്യ പേരുകാരൻ നോയൽ ടാറ്റ തന്നെയാകുമെന്നാണ് കോർപറേറ്റ് ലോകത്തെ പൊതുവേയുള്ള വിലയിരുത്തൽ.

Tata Group rathan tata