ആറുവർഷത്തിനുശേഷം തമിഴ്നാട്ടിൽ ട്രെക്കിങ് പുനരാരംഭിക്കുന്നു. ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്നതിനു ശേഷം ഇപ്പോളാണ് ട്രെക്കിങ് ആരംഭിക്കുന്നത്. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകൾ പൂർണമായും അടച്ചിട്ടിരുന്നു. ഇപ്പോൾ നാൽപ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്.
ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവിൽ പാതകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയിൽ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികൾ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂർ, കൊടൈക്കനാൽ തുടങ്ങിയ ഇടങ്ങളിലെ വനപാതകൾ ട്രെക്കിങ്ങിന് തുറന്നുകൊടുക്കുന്നവയിൽ ഉൾപ്പെടുമെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി പറഞ്ഞു. 119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതിൽ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം. മറ്റുള്ള പാതകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.