അര്‍ജുനായുള്ള  ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചത്.

author-image
Prana
New Update
arjun
Listen to this article
0.75x 1x 1.5x
00:00 / 00:00

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയോടെ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും നാളെ രാവിലെ അഞ്ചരയോടെ തിരച്ചില്‍ തുടരുമെന്നും ഉത്തര കന്നഡ എസ് പി എം നാരായണ അറിയിച്ചു.
തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. നാല് ദിവസം മുമ്പാണ് കാണാതായത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. വണ്ടിയുടെ എന്‍ജിന്‍ ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയെങ്കില്‍ മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.
അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോറി ഗംഗാവലിപ്പുഴയില്‍ലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയില്‍ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിലാണ് ഇനി പരിശോധന നടത്തുക. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാകും പരിശോധന.

man missing karnataka landslides