ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. 'മറ്റൊരു പാത' തിരഞ്ഞെടുക്കാന്‍ തന്നെ 'നിര്‍ബന്ധിക്കുന്ന' സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും ഒടുവിലാണ് താന്‍ മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത് 'ഇന്ന് മുതല്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുകയാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. ഇതില്‍ എന്റെ മുന്നില്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക. രണ്ട്, മറ്റൊരു സംഘടനയുണ്ടാക്കുക. മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക', അദ്ദേഹം എക്‌സില്‍ കുറിച്ചു. പാര്‍ട്ടിയിലെ തന്റെ ഉയര്‍ച്ചയും മുഖ്യമന്ത്രി സ്ഥാന ലബ്ധിയും 'അപമാനിച്ച്' തന്നില്‍നിന്ന് സ്ഥാനം 'തട്ടിയെടു'ത്തതും അടക്കം വിശദീകരിച്ചാണ് കുറിപ്പ്.
ഇത് തന്റെ വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാര്‍ട്ടി അംഗത്തേയും ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ച്ചയായുള്ള മറ്റൊരു പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ ഉപദ്രവിക്കുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു . കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തിയ ചംപായ് സോറന്‍, ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഹേമന്ദ് സോറന്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചംപായ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.