ഹിസ്ബ്-ഉത്-തഹ്‌റിര്‍ (എച്ച്.യു.ടി.)രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ സംഘടനയെന്ന് കാണിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജിഹാദിലൂടെയും തീവ്രവാദത്തിലൂടെയും ഇന്ത്യയേയും ഇസ്ലാമിക് രാഷ്ട്രമാക്കാനാണ് എച്ച്.യു.ടി. ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 1953ല്‍ ജറുസലേമില്‍ ജന്മംകൊണ്ട എച്ച്.യു.ടി. ലോകത്തെമ്പാടും വേരുകളുള്ള സംഘടനയാണ്.
എച്ച്.യു.ടി. രാജ്യത്തെ യുവാക്കളെ അപകടകരമാംവിധം സ്വാധീനിച്ച് ഐസിസ് പോലെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാകാന്‍ പ്രേരിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്കായി എച്ച്.യു.ടി. അനധികൃതമായി പണം സമ്പാദിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം എടുത്തത്. തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകളെടുക്കുമെന്ന് ഷാ നേരത്തേ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തീവ്രവാദത്തെ അങ്ങേയറ്റം എതിര്‍ക്കുന്നയാളാണ്. എച്ച്.യു.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിതില്‍നിന്നും ഈ സംഘടന ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യസുരക്ഷയേയുമടക്കം ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എച്ച്.യു.ടി. പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു, അമിത് ഷാ തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.