തമിഴ്‌നാട്ടിൽ ഭരണം പിടിക്കാനായി ബിജെപി ഇറക്കിയിരിക്കുന്ന ബി ടീമാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകമെന്ന് ഡിഎംകെ. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നിൽ ബിജെപിയാണെന്നും ഡിഎംകെ നേതാവും സ്പീക്കറുമായ അപ്പാവു രംഗത്തെത്തി. ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്.
പുതുച്ചേരിയിലെ പ്രധാന ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ആനന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുണ്ട്. മുമ്പ് രജനികാന്തിനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ബിജെപി. ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ വിജയ്ക്ക് പിന്നിലും ബിജെപിയാണെന്നും അപ്പാവു പറഞ്ഞു. ടി.വി.കെ. സമ്മേളനത്തിൽ ബി.ജെ.പിയെ കൂടുതൽ വിമർശിക്കാൻ വിജയ് തയ്യാറാകാത്തതിനെ ഡി.എം.കെ. സഖ്യകക്ഷിയായ മനിതനേയ മക്കൾ കക്ഷി ചോദ്യം ചെയ്തു.
മുമ്പ് വിജയിയെ അനുകൂലിച്ച നാം തമിഴർ കക്ഷി നേതാവ് സീമാനും ഇപ്പോൾ എതിർചേരിയിലേക്ക് മാറി. സംസ്ഥാന സമ്മേളനത്തിൽ ആളുകൾ കൂടിയെങ്കിലും അത് വോട്ടായി മാറില്ലെന്ന് സീമാൻ പറഞ്ഞു. സിനിമ താരങ്ങളെ കാണാൻ ആളുകൾ എത്തും. അതാണ് ടിവികെ സമ്മേളനത്തിൽ കണ്ടതെന്നും സീമാൻ പറഞ്ഞു. .