പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നടത്തിയ പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി. മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിൻറെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
സമാനമായ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച ആം ആദ്മി നേതാവ് സഞ്ജയ് സിങിന്റെ കാര്യത്തിൽ കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ് വി എൻ ഭാട്ടിയും ഉൾപ്പെടുന്ന ബെഞ്ച് കെജ്‌രിവാളിന്റെ ഹർജിയും തള്ളിയത്. വിഷയത്തിൽ കോടതി സ്ഥിരതപാലിക്കണമെന്നതിനാൽ സഞ്ജയ് സിങിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് കെജ്‌രിവാളിന്റെ കാര്യത്തിൽ സ്വീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മുതിർന്ന അഭിഭാഷകനായ അഭിഷേഖ് മനു സിങ്‌വിയാണ് കെജ്‌രിവാളിന് വേണ്ടി ഹാജരായത്. “സർവകലാശാല മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രസിദ്ധീകരിക്കാത്തത് അത് വ്യാജമായതുകൊണ്ടാണോ?” എന്നതായിരുന്നു കെജ്‌രിവാളിന്റെ പരാമർശം. ഇതിൽ മാനനഷ്ടക്കേസ് നൽകേണ്ടത് നരേന്ദ്രമോദിയാണെന്നും സർവകലാശാല മനനഷ്ടകേസ് നൽകേണ്ടുന്ന കാര്യം പരാമർശത്തിൽ ഇല്ലെന്നുമാണ് അഭിഷേഖ് സിങ്‌വിയുടെ പക്ഷം. ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം കേസിന്റെ വാദം നടക്കുന്ന സാഹചര്യത്തിൽ വിശദമായി പരിശോധിക്കാമെന്നും ഇപ്പോൾ കേസിന്റെ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഗുജറാത്ത് സർവകലാശാലയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് സഞ്ജയ് സിങ്ങിന്റെ കേസിൽ സ്വീകരിച്ച നടപടി ശ്രദ്ധയിൽ കൊണ്ടുവന്നത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ നിർദേശമുൾപ്പെടെ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി കെജ്‌രിവാളിന്റെ ഹർജി തള്ളിയതെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. മാനനഷ്ടകേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി കെജ്‌രിവാളിനെ രാഷ്ട്രീയത്തിൽനിന്നു വിലക്കണമെന്നതാണ് തുഷാർ മേഹ്തയുടെ ആവശ്യം.