മോദിയെ ചൊറിഞ്ഞ മാലിദ്വീപിന് പണികിട്ടി; ഒടുവില്‍ തിരിച്ചറിഞ്ഞ് കീഴടങ്ങി

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

author-image
Anagha Rajeev
New Update
modi & moisu
Listen to this article
0.75x 1x 1.5x
00:00 / 00:00

ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും തുടര്‍ന്നുള്ള ട്വീറ്റുകളും വിനോദസഞ്ചാര മേഖലയില്‍ ലക്ഷദ്വീപിനെ മാലദ്വീപിന് ബദലായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമായാണ് അവര്‍ വിലയിരുത്തിയത്.

ഇതോടെയാണ് മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ഇന്ത്യയില്‍ മാലദ്വീപ് ബഹിഷ്‌കരണ ക്യാംപെയിന്‍ ശക്തമാവുകയുമായിരുന്നു. ചൈന അനൂകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തുടക്കം മുതലേയുള്ള നടപടികളും സ്ഥിതി രൂക്ഷമാക്കിയത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഭിന്നത കൂട്ടിയിരുന്നു.

ഇതിനാണ് ഇപ്പോള്‍ അന്ത്യമാകുന്നത്. ലോകരാജ്യങ്ങളും ആഗോള വിനോദസഞ്ചാര മാര്‍ക്കറ്റും ഉറ്റുനോക്കിയ സംഭവമായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായ വിവാദം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാര്‍ മാലദ്വീപ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നം തീരുമെന്നാണ് പ്രതീക്ഷ. അധികാരത്തിലേറിയ കാലം മുതല്‍ ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച മുയിസു തന്നെയാണ് ഇന്ത്യയെ അനുനയിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നതെന്നതാണ് ശ്രദ്ധേയം. വിവാദങ്ങളവസാനിക്കുമ്പോള്‍ ഇതുകൊണ്ട് നഷ്ടമുണ്ടായത് തങ്ങള്‍ക്ക് മാത്രമാണെന്ന് മാലദ്വീപിന് മനസിലാക്കിക്കഴിഞ്ഞു.

വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖലയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമങ്ങളാരംഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ മാലദ്വീപിലേക്ക് ഏറ്റവും കൂടുതലായി എത്തിയ സഞ്ചാരികള്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷം മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ കാര്യങ്ങള്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മാലദ്വീപ് ഭരണകൂടം ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇന്ത്യന്‍ സഞ്ചാരികളോടുള്ള അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ തന്നെ രംഗത്തെത്തി. ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ നഗരങ്ങളില്‍ മാലദ്വീപ് ടൂറിസം റോഡ് ഷോകള്‍ നടത്തി. ഈ ഷോ ഉദ്ഘാടനം ചെയ്യാന്‍ ടൂറിസം മന്ത്രി തന്നെ നേരിട്ടെത്തി. ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും മാലദ്വീപ് ഭരണകൂടം മുന്‍കൈ എടുത്തു.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ മാലദ്വീപ് സന്ദര്‍ശനം നടത്തിയത് ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധം മെച്ചപ്പെട്ടതില്‍ നിര്‍ണായകമായത്. ഇന്ത്യയുടെ സഹകരണത്തില്‍ യു.പി.ഐ പണമിടപാട് തുടങ്ങുന്നതടക്കുമുള്ള കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുകയുണ്ടായി. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മാലദ്വീപിന്റെ സാമ്പത്തികവികസന-വ്യാപാരമന്ത്രാലയവും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നത് ടൂറിസത്തിലും പ്രതിഫലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴയ സ്ഥിതിയിലേക്ക് എത്തിയില്ലെങ്കിലും ഇന്ത്യന്‍ സഞ്ചാരികള്‍ വീണ്ടും മാലദ്വീപിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ മാലദ്വീപ് പാക്കേജുകള്‍ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സെലിബ്രിറ്റികളും വീണ്ടും മാലദ്വീപ് യാത്രകള്‍ നടത്തുകയും ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാലിദ്വീപ് ടൂറിസത്തിന്റെ ഗുണഭോക്താക്കളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ തിരിച്ചെത്തുമെന്നാണ് മാലദ്വീപിന്റെ പ്രതീക്ഷ.

ഇന്ത്യ എല്ലാകാലത്തും മാലദ്വീപിന്റെ അടുത്തസുഹൃത്തുക്കളിലൊരാളും വികസനപങ്കാളിയുമാണെന്ന് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീര്‍ അന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.. ഇന്ത്യയും മാലദ്വീപും അടുത്ത അയല്‍രാജ്യങ്ങള്‍ മാത്രമല്ല, സ്വാഭാവികപങ്കാളികളുമാണെന്ന് ജയ്ശങ്കറും അഭിപ്രായപ്പെട്ടിട്ടുണ്ട്.

PM Narendra Modi maldives