പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയം പാസാക്കിയതിനെത്തുടര്‍ന്ന് 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജൂണ്‍ 24 ന് ആരംഭിച്ച സെഷനില്‍ 34 മണിക്കൂര്‍ നീണ്ടുനിന്ന ഏഴ് സിറ്റിംഗുകള്‍ ഉണ്ടായിരുന്നു. സഭയുടെ ഉല്‍പ്പാദനക്ഷമത 103 ശതമാനമായിരുന്നുവെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിലായി 539 ലോക്സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജൂണ്‍ 26-ന് ഓം ബിര്‍ളയെ വീണ്ടും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ജൂണ്‍ 27-ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ബി.ജെ.പി അംഗം അനുരാഗ് താക്കൂര്‍ അവതരിപ്പിച്ച രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ 68 അംഗങ്ങള്‍ പങ്കെടുത്തു. ബന്‍സുരി സ്വരാജ് പ്രമേയത്തെ പിന്തുണച്ചു. നന്ദിപ്രമേയ ചര്‍ച്ച 18 മണിക്കൂര്‍ നീണ്ടുനിന്നു.