ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ വീണ്ടും നിര്‍ണായക നേട്ടവുമായി ഇന്ത്യ. പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കി. മദ്ധ്യ- ദൂര വ്യോമ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായത്.
ആന്‍ഡമാന്‍ നിക്കോബാറിലായിരുന്നു പരീക്ഷണം. സുഖോയ് 30 എംകെഐ വിമാനത്തില്‍ നിന്നായിരുന്നു മിസൈല്‍ തൊടുത്തത്. 250 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യം മിസൈല്‍ കൃത്യമായി ഭേദിച്ചു. പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ കൂടുതല്‍ മിസൈലുകള്‍ നിര്‍മ്മിക്കാനാണ് വ്യോമ സേനയുടെ തീരുമാനം.
ദൂരെയുള്ള മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഞൊടിയിടല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന മിസൈലുകള്‍ ആണ് ഇവ. റോക്‌സ് എന്നും ക്രിസ്റ്റല്‍ മേസ് 2 എന്നും ഈ മിസൈലിന് വിളിപ്പേരുണ്ട്. ഇസ്രയേലില്‍ നിന്നുമാണ് ഈ മിസൈല്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വ്യോമസേന സ്വന്തമാക്കിയത്. സ്റ്റാന്‍ഡ് ഓഫ് റേഞ്ച് ഉപരിതല- ഭൂതല മിസൈലിന്റെ വിപുലീകരിച്ച പതിപ്പാണ് ക്രിസ്റ്റല്‍ മേസ് 2.
കാര്‍ഗില്‍ യുദ്ധസമയത്ത് ജിപിഎസ് നിരസിക്കപ്പെട്ടതായിരുന്നു ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി. എന്നാല്‍ ക്രിസ്റ്റല്‍ മേസ് 2 മിസൈലുകള്‍ എത്തുന്നതോടെ ശത്രുക്കളെ വരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയും. ഒരേ സമയം ആകാശത്തും തുരങ്കങ്ങളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവയാണ് ഈ മിസൈലുകള്‍.
രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്കായി ആവിഷ്‌കരിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാകും മിസൈലുകളുടെ നിര്‍മ്മാണം. കൂടുതല്‍ മിസൈലുകള്‍ ലഭിക്കുന്ന മുറയ്ക്ക് വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും.