മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ ഡീല്‍ ഉറപ്പിച്ച് മുന്നണികള്‍. ചൊവ്വാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനമായത്. 'ഡീല്‍' പ്രകാരം മഹായുതി സഖ്യത്തില്‍ ബിജെപി 152 സീറ്റുകളില്‍ മത്സരിക്കും. സഖ്യകക്ഷികളായ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന 80 സീറ്റുകളിലാണ് മത്സരിക്കുക. അജിത് പവാര്‍ എന്‍സിപിക്ക് വെറും 52 സീറ്റുകള്‍ നേടിയെടുക്കാനേ സാധിച്ചുള്ളൂ. മഹാ വികാസ് അഘാടി സഖ്യത്തില്‍ കോണ്‍ഗ്രസ് 101 സീറ്റുകളിലാണ് മത്സരിക്കുക. ഉദ്ധവ് താക്കറെ ശിവസേന 96 സീറ്റുകളിലും, ശരദ് പവാര്‍ എന്‍സിപി 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുന്‍ വര്‍ഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ഇടിവാണ് കോണ്‍ഗ്രസ് സീറ്റുകളില്‍ ഉണ്ടായിരിക്കുന്നത്.
നിരവധി തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും ഒടുവിലാണ് മഹാ വികാസ് അഘാടി, മഹായുതി സഖ്യങ്ങള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. വിജയസാധ്യതയുള്ള സീറ്റുകളില്‍ സഖ്യകക്ഷികള്‍ അവകാശവാദമുന്നയിച്ചതാണ് ഇരു സഖ്യങ്ങളിലും തര്‍ക്കങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസിന്റെ ശക്തിമേഖലകളില്‍ ശിവസേനയും എന്‍സിപിയും അവകാശവാദമുന്നയിച്ചതും, മഹായുതി സഖ്യത്തിലും സമാനമായ സ്ഥിതിയുണ്ടായതും, ചര്‍ച്ചകളെ വഴിമുട്ടിച്ച ഘടകമായി. ഇതോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ആവാസ തിയ്യതി വരെ ചര്‍ച്ച നീണ്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കിവന്ന സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക് നല്‍കാനാണ് ഇരു സഖ്യങ്ങളുടെയും തീരുമാനം.
അതേസമയം, എന്‍സിപി സ്ഥാനാര്‍ത്ഥിയായി നവാബ് മാലിക്കിനെ നിര്‍ത്തിയതിനെച്ചൊല്ലി മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമായിത്തന്നെ തുടരുകയാണ്. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള നവാബിന്റെ പ്രചാരണത്തിന് തങ്ങളുണ്ടാകില്ലെന്ന് ബിജെപി അറിയിച്ചു. നേരത്തെ നവാബിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് കനത്ത സമ്മര്‍ദ്ദമാണ് ബിജെപി അജിത് പവാറിന്റെ മേല്‍ ചെലുത്തിയത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന്, വിശ്വസ്തനും പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ നവാബിന് അജിത് പവാര്‍ സീറ്റ് നല്‍കുകയായിരുന്നു.