വാരാണസി ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധിക സര്‍വേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം വരാണസി കോടതി തള്ളി. യുഗുല്‍ ശംഭു അധ്യക്ഷനായ വാരാണസിയിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹര്‍ജി തള്ളിയത്.
അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്‌തോഗിയാണ് ഹര്‍ജി നല്‍കിയത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് മുഴുവന്‍ ഗ്യാന്‍വാപി കോമ്പൗണ്ടിലും ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഡയറക്ടര്‍ ജനറലിനോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സെന്‍ട്രല്‍ ഡോം, നിലവറകള്‍, ഗേറ്റുകള്‍, അറകള്‍ എന്നിവയുള്‍പ്പെടെ ഘടനയുടെ എല്ലാ ഭാഗങ്ങളും നിലവിലുള്ള ഘടനയ്ക്ക് കേടുപാടുകള്‍ വരുത്താതെ സര്‍വേ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2023 ജൂലായ് 21ലെ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി പരിസരത്ത് എഎസ്‌ഐ ശാസ്ത്രീയ സര്‍വേ നടത്തിയിരുന്നു. സര്‍വേ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഡിസംബര്‍ 18ന് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. ജില്ലാ കോടതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇരു വിഭാഗങ്ങള്‍ക്കും നല്‍കുകയും ചെയ്തിരുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് ക്ഷേത്രത്തിന് മുകളിലാണ് നിര്‍മ്മിച്ചതെന്ന് ഹിന്ദു വിഭാഗം അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വേ ആരംഭിച്ചത്.