‘ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായത് എല്ലാം ചെയ്യും’: പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്രആരോഗ്യ മന്ത്രാലയം

ആരോഗ്യക്ഷേമ രംഗത്തു പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകാനായി സമിതി രൂപീകരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

author-image
Vishnupriya
New Update
kolkata gang rape
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യക്ഷേമ രംഗത്തു പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകാനായി സമിതി രൂപീകരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ സമരം നടത്തുന്നതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 

ഡോക്ടർമാരുടെ സംഘടനകളായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ), റസി‌ഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഓഫ് ഗവൺമെന്റൽ മെഡിക്കൽ കോളജസ് ആൻഡ് ഹോസ്പിറ്റൽസ് ഓഫ് ഡൽഹി എന്നിവയുടെ പ്രതിനിധികൾ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഡോക്ടർമാരുടെ ആവശ്യങ്ങൾ കേട്ടുവെന്നും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഡെങ്കിയും മലേറിയയുടെ പടരുന്ന സാഹചര്യത്തിൽ പൊതുതാൽപര്യം മാനിച്ച് ഡോക്ടർമാർ ജോലി തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നയം കൊണ്ടുവരുക, വിമാനത്താവളത്തിനു സമാനമായി ആശുപത്രികളെയും സേഫ് സോണായി പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കുക, റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, കൊൽക്കത്ത കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകുക, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ കേന്ദ്രത്തിന് മുന്നിൽ അറിയിച്ചത്.

new security committee medical college