ദാവൂദിനെയും കടത്തിവെട്ടും സിദ്ധിഖിയെ വധിച്ച ബിഷ്ണോയ് സംഘം

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും മറാത്താ രാഷ്ട്രീയവും.

author-image
Rajesh T L
New Update
DV

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും മറാത്താ രാഷ്ട്രീയവും. കൊലപാതകത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പരന്നെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറന്‍സ് ബിഷ്ണോയ് സംഘം നല്‍കുന്നത് എതിരാളികള്‍ക്ക് ഭീതിയുടെ സന്ദേശം കൂടിയാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയോടാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തെ എന്‍ഐഎ താരതമ്യം ചെയ്യുന്നത്. ബാബാ സിദ്ധിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. 

കുപ്രസിദ്ധ കുറ്റവാളി സത് വീന്ദര്‍ സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. അഹമ്മദാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ഉള്ളത്. അവിടെ തടവില്‍ കിടന്നാണ് സംഘത്തെ നയിക്കുന്നത്.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയാകുന്നത്. 700 ഓളം ഷൂട്ടര്‍മാരുമായാണ് ബിഷ്ണോയ് ഗാങ് പ്രവര്‍ത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ഇവര്‍ പിന്തുടരുന്നതെന്നും എന്‍ഐഎ പറയുന്നു. ലോറന്‍സ് ബിഷ്ണോയ്, ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പടെ 16 ഗുണ്ടാ നേതാക്കന്മാര്‍ക്കെതിരെ യുഎപിഎ നിയമത്തിന്‍ കീഴില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

JHK

90 കളില്‍ ചെറിയ കുറ്റകൃത്യങ്ങളിലൂടെ തന്റെ ശൃംഖല കെട്ടിപ്പടുത്ത ദാവൂദ് ഇബ്രാഹിമിന് സമാനമായാണ് ലോറന്‍സ് ബിഷ്ണോയുംവളര്‍ന്നത്. മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങള്‍, കൊള്ള സംഘങ്ങള്‍ എന്നിവയിലായിരുന്നു ദാവൂദിന്റെ ആദ്യ ശ്രദ്ധ. പിന്നീട് പാകിസ്താന്‍ ഭീകരരുമായി ചേര്‍ന്ന് ഡി-കമ്പനി രൂപീകരിച്ചു. സമാനായി ബിഷ്‌ണോയ് സംഘം ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി. പിന്നീട് വിപൂലീകരിച്ചു. സംഘത്തില്‍ 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 300 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്നമാണ് വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വേരുകളുണ്ട്. ദാവൂദിന്റെ ഡി കമ്പനിയേയും ഇന്ന് ബിഷ്‌ണോയ് സംഘം വെല്ലുവിളിക്കുന്നു. ഇതോടെ രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ സംഘമായി മാറുകയാണ് അവര്‍.

കാനഡയിലേക്ക് കൊണ്ടുപോവാം എന്നതുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. ഖലിസ്ഥാനി ഭീകരവാദിയായ ഹര്‍വിന്ദര്‍ സിങ് റിന്‍ഡ കൊലപാതകങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി ബിഷ്ണോയി സംഘത്തിലെ ഷൂട്ടര്‍മാരെയാണ് ഉപയോഗിക്കുന്നതെന്നാണ് നിഗമനം. ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും സല്‍മാന്‍ ഖാനേയും ദാവൂദ് ഇബ്രാഹിമിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ സഹോദരങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതികരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ സംഘത്തെ കണ്ടെത്തി ഉന്മൂലനം ചെയ്യാനാണ് മഹാരാഷ്ട്രാ പോലീസിന്റെ നീക്കം.

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ധിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ധിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ധിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ബിഷ്‌ണോയ് സംഘത്തിന്റെ പ്രധാന കേന്ദ്രം കാനഡയാണെന്നാണ് വിലയിരുത്തല്‍. സിദ്ധിഖിയുടെ കൊലയിലും കാനഡയിലെ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍.

സല്‍മാന്‍ ഖാനെ വകവരുത്താന്‍ പദ്ധതിയിട്ട മാതൃകയില്‍ ഒരുമാസത്തെ ആസൂത്രണമാണ് ഈ കൊലയ്ക്ക് പിന്നിലും നടത്തിയത്. പഞ്ചാബ് ജയിലില്‍ വച്ച് പരിചയപ്പെട്ട മൂന്ന് ഷൂട്ടര്‍മാരെയാണ് ഇതിനായി നിയോഗിച്ചത്. 14,000 രൂപ വാടകയില്‍ മുംബൈ കുര്‍ളയില്‍ ഒരുമാസത്തോളം ഇവര്‍ക്ക് വീട് എടുത്തു നല്‍കി. ഓരോര്‍ത്തര്‍ക്കും അമ്പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. വീടും പരിസരവും നിരീക്ഷിച്ച പ്രതികള്‍ കൃത്യമായ ആസൂത്രണത്താടെ കൊലപാതകം നടത്തിയിട്ടുണ്ട്.

salman khan Dawood Ibrahim Lawrence Bishnoi