ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പത്തനട്ടീർ മേഖലയിൽ ശനിയാഴ്ച വൈകുന്നേരം ആണ് ഏറ്റുമുട്ടലുണ്ടായത് . സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നാണു ഭീകരർ വെടിയുതിർത്തത്. ഇവിടെ മൂന്നു ലഷ്കറെ തയിബ ഭീകരരെ വളഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം മെന്ധർ സബ് – ഡിവിഷനു സമീപം ഗുർസായ് ടോപ്പിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു സംഘം തിരച്ചിലിന് ഇറങ്ങിയത്.
അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. വോട്ടെടുപ്പിനെ അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.
കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ പത്താൻ മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇത് ശനിയാഴ്ച ഉച്ചയ്ക്കുശേഷം അവസാനിച്ചു. ഇന്നുരാവിലെയാണ് ഇവിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് കിഷ്ത്വാർ, ഉധംപുർ, പൂഞ്ച്, രജൗറി ജില്ലകളിൽ ശനിയാഴ്ച സുരക്ഷാസേന ഭീകരവിരുദ്ധ നടപടികൾ വർധിപ്പിച്ചിരുന്നു. ജെസിഒ (ജൂനിയർ കമ്മിഷൻഡ് ഓഫിസർ) ഉൾപ്പെടെ രണ്ടു സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ കണ്ടെത്താനാണ് ഈ തിരച്ചിൽ. കിഷ്ത്വാർ ജില്ലയിൽ ഛത്രൂ ബെൽറ്റിൽ സൈന്യം നടത്തുന്ന ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്.