എയർഷോ ദുരന്തം: സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്.

author-image
Vishnupriya
New Update
ar

ചെന്നൈ: ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർജലീകരണം കാരണം 250ലേറെ പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്. 

13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്. ആയിരങ്ങൾ ഇന്നലെ രാവിലെ 8 മണി മുതൽ തന്നെ മറീനയിൽ തടിച്ചുകൂടിയിരുന്നു. രാവിലെ 11 മണിയോടെ മറീന ബീച്ചിൽ വൻ ജനക്കൂട്ടമുണ്ടായി. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വന്‍വീഴ്ചയെന്ന ആക്ഷേപവും ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുണ്ട്.

പരിപാടി കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോവാൻ കഴിയാതെ ബുദ്ധിമുട്ടി. മൂന്നും നാലും കിലോമീറ്റർ നടന്ന ശേഷമാണ് വാഹനങ്ങൾക്കടുത്തേക്ക് എത്താൻ പലർക്കും കഴിഞ്ഞത്. കുട്ടികൾ പലരും ഇതിനിടെ തളർന്നു പോയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാർഡുകളും സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ വിമർശനം ശക്തമാവുകയാണ്.

Tamil Nadu air show sunburn