ചിന്നക്കനാലില്‍ നിന്ന് കാടുകടത്തിയ അരിക്കൊമ്പന് ഇപ്പോള്‍ ഏറെ പ്രിയം പുല്ലും ഇലയുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. ഇഷ്ടഭക്ഷണമായിരുന്ന അരിക്കുവേണ്ടി അരിക്കൊമ്പന്‍ പരാക്രമം കാണിക്കാറില്ലെന്നും പ്രകൃതിദത്ത വിഭവങ്ങള്‍ കഴിച്ച് ശാന്തനായി കഴിയുകയാണെന്നും വനംവകുപ്പ് പറയുന്നു. മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2005 മുതല്‍ വീടും റേഷന്‍ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് കണക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രില്‍ 29ന് കാട് കടത്തിയത്. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും അവിടെ നിന്ന് തിരുനെല്‍വേലി മുണ്ടെന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്.
അഞ്ച് തവണ മയക്കുവെടി വെച്ചാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. അനിമല്‍ ആംബുലന്‍സില്‍ രാത്രിയോടെ പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പുറത്തെത്തിയ അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയ്ക്ക് അടുത്തെത്തിയിരുന്നു. അവിടെ നിന്നും തമിഴ്‌നാട്ടിലെ മേഘ മലയിലും കമ്പം ടൗണിലുമെത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇതോടെ തമിഴ്‌നാട് വനം വകുപ്പ് രണ്ടാം തവണ മയക്കുവെടി വെച്ച് പിടികൂടിയാണ് അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെത്തിച്ചത്.