ചെന്നൈ: തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു. മരണകാരണം വ്യക്തമല്ല.
ചില ശാരീരിക അസ്വസ്ഥതകളും തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചും കുറച്ചു ദിവസമായി പ്രദീപ് വിജയൻ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടുദിവസമായി പ്രദീപ് ഫോണെടുക്കാതിരുന്നതിനെത്തുടർന്ന് ഒരു സുഹൃത്ത് അദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പലതവണ മുട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നീലങ്കരൈ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് പ്രദീപ് മരിച്ചുകിടക്കുന്നത് കണ്ടത്. പ്രദീപിന്റെ തലയിൽ മുറിവേറ്റിരുന്നു. പ്രദീപ് രണ്ടു ദിവസം മുമ്പേ മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവും ഹൃദയാഘാതവുമാവാം മരണകാരണമെന്നും പ്രാഥമികാന്വേഷണത്തിൽ പോലീസ് പറഞ്ഞു.