ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ ഉപകമ്പനി ആപ്പിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു.
അമ്മയ്‌ക്കൊപ്പം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു തമന്ന ഇ.ഡി ഓഫിസിൽ എത്തിയത്. ചോദ്യം ചെയ്യൽ വൈകുന്നേരം വരെ തുടർന്നു. സ്‌പോർട്‌സ് ബെറ്റിങ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിങ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കാണു പ്രധാനമായും തമന്നയോട് അന്വേഷിച്ചത്. മഹാദേവ് ഓൺലൈൻ ഗെയിമിങ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രൊമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി നേരത്തേ സമൻസ് അയച്ചിരുന്നു.