മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയ ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. ഗുവാഹാത്തിയിലെ ഇ.ഡി ഓഫീസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സാഹില്‍ ഖാനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്?ഗഢില്‍വെച്ച് മുംബൈ പോലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ ചേര്‍ന്ന് ദുബായില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. യു.എ.ഇയില്‍നിന്നാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഇഡി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ പതിവായി പണം നല്‍കിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.