ന്യൂഡൽഹി: ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഭൈഭവ് കുമാറിനെതിരെ ഗുരുതര പരാമർശം. സ്വാതിയുടെ വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എ.സി.പി പി.എസ്.കുഷ്വാഹയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിന്റെ രണ്ടംഗസംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൈഭവിനെതിരെ കേസെടുത്തത്. ഐ.പി.സി 354, 506, 509, 323 വകുപ്പുകളാണ് ഭൈഭവിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്കായി സ്വാതി മലിവാൾ കഴിഞ്ഞദിവസം രാത്രി ഡൽഹി എയിംസിൽ എത്തിയിരുന്നു.
മേയ് 13-ന് കെജ്‍രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോളാണ് അതിക്രമം നേരിട്ടതെന്ന് പരാതി പരാമർശിച്ചിട്ടുണ്ട്. കെജ്‍രിവാളിന്റെ റൂമിൽ ഇരുന്നപ്പോൾ ഭൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. ഈ സമയം കെജ്‍രിവാൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്.
ഭൈരവിനെ ദേശീയ വനിതാ കമ്മിഷൻ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ സ്വാതിയുടെ ആരോപണം ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചിരുന്നു. കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് മലിവാളിനോട് മോശമായി പെരുമാറിയെന്നും വിഷയത്തിൽ കെജ്‌രിവാൾ ശക്തമായ നടപടിയെടുക്കുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിങ് എം.പി. വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ അരവിന്ദ് കെജ്‍രിവാൾ പ്രതികരിച്ചിട്ടില്ല. ലഖ്നൗവിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ കെജ്‌രിവാൾ, ഒപ്പമുണ്ടായിരുന്ന രാജ്യസഭാംഗം സഞ്ജയ് സിങ്ങിനുമുന്നിലേക്ക് മൈക്ക് നീക്കിവെച്ചു. സഞ്ജയ് സിങ്ങാകട്ടെ മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളും ഗുസ്തിക്കാരുടെ സമരസമയത്ത് മാലിവാളിനെ കൈയേറ്റംചെയ്തതുമടക്കം ചൂണ്ടിക്കാട്ടി. വിഷയത്തെ ബി.ജെ.പി. ആം ആദ്മി പാർട്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്.