ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പേഴ്സനൽ സ്റ്റാഫ് ബിഭവ് കുമാറിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 22 വരെ നീട്ടി. എ.എ.പിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് മേയ് 13ന് ബിഭവ് കുമാർ കൈയേറ്റം ചെയ്തെന്നാണ് പരാതി. മേയ് 18നാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്തീകൾക്കു നേരെയുള്ള അതിക്രമം, കരുതിക്കൂട്ടിയുള്ള വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മേയ് 13ന് കെജ്രിവാളിനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ബിഭവ് കുമാർ മർദിച്ചുവെന്നായിരുന്നു സ്വാതി മലിവാളിന്‍റെ പരാതി. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തെന്ന് സ്വാതി പരാതിയിൽ പറയുന്നു.