യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി;  ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിളിലാണ് സുപ്രീംകോടതി വിധി. എട്ട് ഹർജികളായിരുന്നു സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

author-image
Anagha Rajeev
New Update
Supreme Court

2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിളിലാണ് സുപ്രീംകോടതി വിധി. എട്ട് ഹർജികളായിരുന്നു സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കി 2004ൽ മുലായം സിങ് സർക്കാർ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. മദ്രസകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നൽകുന്നതായിരുന്നു നിയമം. മദ്രസകളിൽ അറബിക്, ഉറുദു, പേർഷ്യൻ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് 2024 ഏപ്രിലിൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നൽകുന്നതിന് സർക്കാർ പിന്തുണ നൽകുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ വിവിധ ഹർജികൾ നൽകിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാസം 22നാണ് ഹർജികളിൽ വാദം പൂർത്തിയാക്കിയത്. ഇതിനിടെ, മദ്രസകൾ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരുന്നു.

Supreme Court