ന്യൂഡൽഹി: ഉത്തർപ്രദേശിലെ മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി.വിധി മതേതരത്വത്തിൻ്റെ തത്ത്വവും ആർട്ടിക്കിൾ 14 പ്രകാരം നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഹൈകോടതി വിധി 17 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും നിയമത്തിന്റെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ഹൈകോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2004ലെ യു.പി മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വങ്ങൾ ലംഘിക്കുന്നതും ആണെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ വിധി. ലഖ്നോ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങിയ ബെഞ്ചിൻറെതായിരുന്നു വിധി.
അന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം നിയമാതീതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിലവിൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ തുടരാൻ കഴിയുന്ന തരത്തിൽ ഒരു പദ്ധതി തയാറാക്കണമെന്ന് യു.പി സർക്കാറിനോട് നിർദേശിച്ചിരുന്നു.സംസ്ഥാനത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ യോഗി സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു ഹൈകോടതിയുടെ വിധി വന്നത്.