ഡല്‍ഹി: മുബൈയിലെ സ്വകാര്യ കോളേജില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കുന്നത് വിലക്കിയ നടപടിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന, ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്‌റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുംബൈയിലെ എന്‍ജി ആചാര്യ ആന്റ് ഡികെ മറാത്ത കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോളേജിലെ ഡ്രസ് കോഡിനെതിരെ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ഇവര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നുണ്ടെന്നും അന്നുവരെ ഇല്ലാത്ത പ്രശ്‌നം പെട്ടന്നാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.
'എന്താണിത്? അവര്‍ മതം പരസ്യപ്പെടുത്തുന്നില്ല, പേരുകൊണ്ടും മറ്റ് കാര്യങ്ങള്‍ക്കൊണ്ടുമാണ് മതം വെളിവാകുന്നത്'; കോളേജിന് വേണ്ടി ഹാജരായ മാധവി ധിവാനോട് ജസ്റ്റിസ് ഖന്ന ചോദിച്ചു. തങ്ങളുടേത് സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളാണെന്ന് ധിവാന്‍ പറഞ്ഞു. 'ആയിരിക്കാം, പക്ഷേ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്' എന്ന് ഖന്ന മറുപടി നല്‍കി. 'നിങ്ങള്‍ക്ക് കുട്ടികള്‍ മതം വെളിപ്പെടുത്തുന്നത് താത്പര്യമില്ല. അവരുടേ പേര് അവരുടെ മതം വെളിപ്പെടുത്തുന്നില്ലേ? പേര് വിളിച്ച് അഭിസംബോധന ചെയ്യാതിരിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് ഗേറ്റില്‍ നമ്പര്‍ നല്‍കുമോ?'; ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു.
'ഞങ്ങള്‍ക്ക് 441 മുസ്ലിം വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ല. ആകെ ഈ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രശ്‌നം'; മാധവി ധിവാന്‍ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും നിയന്ത്രണങ്ങളുണ്ടെന്നും മാധവി കൂട്ടിച്ചേര്‍ത്തു. 'സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കേണ്ടതല്ലേ? നിങ്ങളുടെ ഡ്രസ് കോഡ് അടിച്ചേല്‍പ്പിച്ചുകൊണ്ട് എവിടെയാണ് നിങ്ങള്‍ സ്ത്രീകളെ ശാക്തീകരിക്കുന്നത്?'; ഖന്ന ചോദിച്ചു. നാളെ ആളുകള്‍ കാവി ഷാള്‍ ധരിച്ച് വരുന്നതും അംഗീകരിക്കാനാകില്ല. ക്യാമ്പസ് രാഷ്ട്രീയമോ മതപരമോ ആയ തീരുമാനമെടുക്കുന്നില്ലെന്നും മാധവിയും മറുപടി നല്‍കി.
2008 ലാണ് കോളേജ് ആരംഭിച്ചതെന്നിരിക്കെ പെട്ടന്ന് നിയമം നടപ്പിലാക്കിയതിനെ കോടതി ചോദ്യം ചെയ്തു. ഇപ്പോഴാണോ രാജ്യത്ത് മതമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞതെന്നായിരുന്നു കോടതി ചോദിച്ചത്. മുഖം മറയ്ക്കുന്ന വസ്ത്രം പരസ്പരമുള്ള സംവാദത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് മറുഭാഗത്തിന്റെ വാദം. പൊട്ട് തൊട്ടുവരുന്നവരെ കോളേജ് വിലക്കുമോ? ഇല്ലല്ലോ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. സ്ഥാപനം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് നിര്‍ഭാഗ്യകരമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഹിജാബ് വിലക്കിയ കോളജ് നടപടി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി
ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന, ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്‌റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.
New Update
00:00
/ 00:00