ഡൽഹി: പട്ടികജാതി-പട്ടിക വർഗത്തിലെ ഉപവിഭാഗങ്ങൾക്ക് ഉപസംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. കൂടുതൽ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി.
ഉപസംവരണം നൽകുമ്പോൾ ആകെ സംവരണം 100ൽ അധികരിക്കരുതെന്നും സുപ്രിം കോടതി വ്യക്തമാക്കി. വ്യക്തതയുള്ള രേഖകളുടെ അടിസ്ഥാനത്തിലാവണം ഉപസംവരണത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പു നൽകുന്ന തുല്യതാ അവകാശത്തിന് വിരുദ്ധമല്ല ഉപസംവരണമെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
ഉപസംവരണം തുല്യതയെ ലംഘിക്കുന്നില്ല. പട്ടികജാതി-പട്ടിക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ സമാന സ്വഭാവമുള്ള വർഗങ്ങളിൽ ഉൾപ്പെടുന്നവരല്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഏതെങ്കിലും വിഭാഗത്തെ പട്ടികജാത-പട്ടിക വർഗത്തിൽ ഉൾപ്പെടുത്താനുള്ള രാഷ്ട്രപതിയുടെ അധികാരത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നുമാണ് ഏഴംഗ ബെഞ്ചിന്റെ വിധി.
പിന്നാക്കത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഉപസംവരണം നൽകുന്നതിന് മുൻഗണന അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ അനുകൂലിച്ചെഴുതിയ വിധിന്യായത്തിൽ ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ ഒരു വിഭാഗം മാത്രമാണ് സംവരണം അനുഭവിക്കുന്നത്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളും പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലുണ്ട്. ഈ യാഥാർത്ഥ്യം മറച്ചുവയ്ക്കാനാവില്ലെന്നും ബി ആർ ഗവായ് എഴുതിയ വിധിന്യായത്തിൽ പറയുന്നു.
ക്രീമിലെയർ മാനദണ്ഡം പട്ടിക ജാതിയിലും ബാധകമാണെന്ന് ജസ്റ്റിസ് വിക്രംനാഥ്, ചീഫ് ജസ്റ്റിസിനെ അനുകൂലിച്ചെഴുതിയ വിധിന്യായത്തിൽ വ്യക്തമാക്കി. ഏഴംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ ആറ് ജഡ്ജിമാരും ഉപസംവരണത്തെ അനുകൂലിച്ചു.