അലി​ഗഢ് സർവകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി.

author-image
Vishnupriya
New Update
Supreme Court

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി. 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.

എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.

ഒരു വിദ്യാഭ്യാസസ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച് ഭരണം നടത്തുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ സാധിക്കുകയുള്ളു എന്നാണ് 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ വിധിച്ചത്. അലിഗഢ് മുസ്ലിം സര്‍വ്വകലാശാല, പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നായിരുന്നു ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

 

Supreme Court