ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻറെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
എന്തൊക്കെ ജാമ്യവ്യവസ്ഥകള്‍ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് ഇ ഡിയോട്കോടതി നിർദേശം തേടിയിട്ടുണ്ട്. വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചത്. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി. എതിർത്തിരുന്നു. ജാമ്യം ലഭിച്ചിട്ടുള്ള ആം ആദ്മി പാർട്ടിയുടെ മറ്റുനേതാക്കൾ പുറത്ത് നടത്തുന്ന പ്രസ്താവനകൾ ശ്രദ്ധയിൽ എടുക്കണമെന്ന് കോടതിയോട് ഇഡി ആവശ്യപ്പെട്ടു.
'ഇടക്കാല ജാമ്യം നൽകും എന്ന് പറയുന്നില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം നൽകുന്ന പരിഗണിക്കേണ്ടി വരും' - ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എന്നാണെന്ന് തിരക്കിയ കോടതി, മേയ് 23-നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടക്കാല ജാമ്യം സംബന്ധിച്ചകാര്യത്തിലേക്ക് കടന്നത്.