നീറ്റ് പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി. കേന്ദ്രത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കുമാണ് പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കിയത്. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിനു പിന്നിലെ വാതില്‍ തുറന്നുവച്ചതും, ഗ്രേസ് മാര്‍ക്ക് അനുവദിച്ചതും ഉള്‍പ്പെടെയുള്ള ഇത്തവണത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കരുത്. അതേസമയം, ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വീണ്ടും വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച സമിതി എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണമെന്നതും കോടതി നിശ്ചയിച്ചു നല്‍കി.നീറ്റ് ഉള്‍പ്പെടെ കേന്ദ്രീകൃത ദേശീയ പരീക്ഷകളെ കുറിച്ചുള്ള പരാതികള്‍ അടിയന്തരമായി പരിഹരിക്കണം. ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച കോടതി ദേശീയ പരീക്ഷാ ഏജന്‍സിയുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു.സൈബര്‍ സുരക്ഷയിലെ പോരായ്മകള്‍ തിരിച്ചറിയുകയും പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സി സി ടി വി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തുകയും വേണം. കേന്ദ്രം രൂപവത്കരിച്ച കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.