ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയുടെ ജാമ്യഹര്‍ജി സുപ്രീം കോടതി ഓഗസ്റ്റ് 27ന് പരിഗണിക്കും . കവിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി മാറ്റിവച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു കവിത സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. സിബിഐയുടെ എതിര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇ.ഡിയ്ക്കും സിബിഐയ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു പറഞ്ഞു. തുടര്‍ന്ന് ഇ.ഡിയുടെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ അവധി ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 മാസമായി കവിത ജയിലിലാണെന്ന് അഭിഭാഷകനായ മുകുള്‍ റോത്തഗി വാദിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയുടെയും കേസിലെ സുപ്രീം കോടതി വിധികളും ഉത്തരവുകളും ഉദ്ധരിച്ചാണ് റോത്തഗി, കവിതയുടെ ജാമ്യത്തിനു വേണ്ടി വാദിച്ചത്. സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയതും, മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കിയതും റോത്തഗി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 15നാണ് ഇ.ഡി കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 11ന് സിബിഐയും കവിതയെ കസ്റ്റഡിയിലെടുത്തു.