'ബുൾഡോസറുകൾ ഓടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമേൽ'; സുപ്രീം കോടതി

തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.

author-image
Vishnupriya
New Update
Supreme Court
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ബുൾഡോസർ രാജിനെതിരേ വീണ്ടും സുപ്രീം കോടതി . കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വസ്തുവകകൾ പൊളിക്കുന്നതിൽ അർഥമില്ലെന്നും ഇത്തരം നടപടികൾ ഉണ്ടായാൽ അത് നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുൾഡോസർ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ​ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പ​രി​ഗണിച്ചത്.

തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പരമോന്നതമായ നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പൊളിക്കൽ പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാവില്ലെന്ന് പറഞ്ഞ കോടതി, ഇത്തരം നടപടികൾ രാജ്യത്തെ നിയമത്തിനു മുകളിലൂടെയുള്ള ബുൾഡോസർ ഓടിക്കലായി കണക്കാക്കപ്പെടുമെന്നും കുറ്റപ്പെടുത്തി. കേസിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ച കോടതി, നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സയീദിന്റെ വീട് പൊളിക്കരുതെന്നും നിർദേശിച്ചു.

ക്രിമിനൽക്കേസ് പ്രതികളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് തകർക്കുന്ന സംഭവങ്ങൾക്കെതിരേ സുപ്രീംകോടതി സെപ്റ്റംബർ രണ്ടിനും വിമർശനവുമായി വന്നിരുന്നു. വിഷയത്തിൽ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാർഗരേഖയുണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

 

supreme court of india buldozer raj