ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
സ്റ്റാർലൈനർ ടീമിലും സ്‌പേസ്ഷിപ്പിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നായിരുന്നു മിഷൻ കമാൻഡർ കൂടിയായ ബുച്ച് വിൽമോറിന്റെ പ്രതികരണം.തിരികെയുള്ള യാത്രയെക്കുറിച്ച് നല്ല ചിന്ത മാത്രമേ ഉള്ളു എന്നും, തങ്ങൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്ന് സുനിത വില്ല്യസും പ്രതികരിച്ചു.
വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് തങ്ങൾ ആസ്വദിക്കുകയാണെന്നും ഇവർ പറയുന്നു. ഐഎസ്എസിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ സുരക്ഷിതമായി ഇടമായി സ്റ്റാർലൈനറിനെ മാറ്റുന്ന കാര്യവും ഇവർ പരിശോധിച്ചു. നാല് പേരോളം സ്റ്റാർലൈനറിന്റെ ഉള്ളിൽ തുടർന്നാൽ ഇതിന്റെ ലൈഫ് സപ്പോർട്ട് എപ്രകാരം പ്രവർത്തിക്കുമെന്നും സംഘം പരിശോധിച്ചു.
കഴിഞ്ഞ മാസം അഞ്ചാം തിയതി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇവർ കഴിഞ്ഞ ഒരു മാസത്തിലധികമായി ഐഎസ്എസിൽ തന്നെ തുടരുകയാണ്. ഒരാഴ്ചയ്‌ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടിവയ്‌ക്കുകയായിരുന്നു.
ത്രസ്റ്ററിന്റെ തകരാറുകളും ഹീലിയം ചോർച്ചയും കാരണമാണ് മടക്കയാത്രയിൽ തടസ്സം നേരിട്ടത്. തിരിച്ച് വരവ് സംബന്ധിച്ച് അന്തിമ തിയതി ആയിട്ടില്ലെങ്കിലും, ജൂലൈ അവസാനത്തോടെ തന്നെ ഇരുവരേയും തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.
വിക്ഷേപണത്തിന് മുൻപും ഹീലിയം ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരാഴ്ചയോളം താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ബഹിരാകാശത്തേക്കുള്ള യാത്രയ്‌ക്കിടിൽ ഹീലിയം ചോർച്ച വീണ്ടും കണ്ടെത്തിയതും ആശങ്കയ്‌ക്ക് കാരണമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന് ഇതുവഴിയുണ്ടാകുന്ന സമ്മർദ്ദമാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്. ത്രസ്റ്ററിലുണ്ടായ പ്രശ്‌നങ്ങൾ ഡോക്കിംഗ് വൈകാനും കാരണമായി.