ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയില്ലെ ബിജെപിയുടെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വോട്ടർമാർക്കെതിരെ രാമായണം സീരിയലിൽ ലക്ഷ്മണനായി അഭിനയിച്ച നടൻ സുനിൽ ലാഹ്രി.അയോധ്യ ജനങ്ങൾ വോട്ട് ചെയ്യാത്തതിലായിരുന്നു വിമർശനം.രാമക്ഷേത്രം അടക്കം അയോധ്യയിൽ നൽകിയിട്ടും ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയെന്ന് സുനിൽ ലാഹ്രി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരോപിച്ചു.
അയോധ്യയുടെ ഭാഗമായ ഫൈസാബാദ് മണ്ഡലത്തിൽ നേരത്തെ ബിജെപിയുടെ ലല്ലു സിംഗ് പരാജയപ്പെട്ടിരുന്നു. സമാജ് വാദി പാർട്ടിയുടെ അവധേഷ് പ്രസാദാണ് ഞെട്ടിച്ച വിജയം നേടിയത്.കട്ടപ്പ ബാഹുബലിയെ കൊല്ലുന്ന ബാഹുബലി രംഗത്തിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവച്ചു.ബാഹുബലിയിൽ ബിജെപി എന്നും കട്ടപ്പയിൽ അയോധ്യ എന്നുമാണ് താരം എഴുതിയിരിക്കുന്നത്.
“സീതാദേവി വനവാസം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം അവളെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണെന്ന് ഞങ്ങൾ മറക്കുന്നു. ദൈവത്തെപ്പോലും നിഷേധിക്കുന്നവനെ എന്ത് വിളിക്കും? സ്വാർത്ഥത. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെയോർത്ത് ലജ്ജിക്കുന്നു.”- താരം കുറിച്ചു.
“പ്രിയപ്പെട്ട അയോധ്യയിലെ പൗരന്മാരേ, സീതാദേവിയെപ്പോലും വെറുതെവിടാത്ത നിങ്ങളുടെ മഹത്വത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ശ്രീരാമൻ ആ ചെറിയ കൂടാരത്തിൽ നിന്ന് പുറത്തിറങ്ങി മനോഹരമായ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയ മനുഷ്യനെ നിങ്ങൾ ഒറ്റിക്കൊടുത്തതിൽ ഞങ്ങൾക്ക് അതിശയമില്ല.ഇനിയൊരിക്കലും രാജ്യം നിങ്ങളെ ബഹുമാനത്തോടെ കാണില്ലെ''ന്നും സുനിൽ ലാഹ്രി കുറ്റപ്പെടുത്തി.
രാമാനന്ദ് സാഗറിൻ്റെ രാമായണം ടെലിവിഷൻ സീരിയലിൽ ശ്രീരാമൻ്റെയും സീതയുടെയും വേഷങ്ങൾ ചെയ്ത അരുൺ ഗോവിൽ , ദീപിക ചിഖ്ലിയ എന്നിവർക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ സുനിൽ ലാഹ്രിയും പങ്കെടുത്തിരുന്നു .