ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയ ഛേത്രി 150 മത്സരങ്ങളില്‍ നിന്നും 94 ഗോളുകള്‍ നേടിയിട്ടുണ്ട്.
പോയ 19 വര്‍ഷം സമ്മര്‍ദ്ദവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു. അടുത്ത മത്സരം എന്റെ അവസാനത്തേതായിരിക്കും. ഈ കാര്യം ഞാനെന്റെ കുടുംബത്തോടും പറഞ്ഞു. അച്ഛന്‍ സ്വാഭാവികമായാണ് പ്രതികരിച്ചതെങ്കില്‍ ഭാര്യയും അമ്മയും കരഞ്ഞുവെന്നാണ് ഛേത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
ലോക ഫുട്ബോളില്‍ ഇന്ത്യക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന പേരുകളിലൊന്നാണ് സുനില്‍ ഛേത്രി. ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ. ഒരു സ്ട്രൈക്കര്‍ക്ക് ആവശ്യമായ ഉയരമോ, ശാരീരിക മികവോ ഇല്ലാതിരുന്നിട്ടും ഈ കുറിയ മനുഷ്യന്‍ തന്റെ അസാധാരണമായ ഗോള്‍ സ്‌കോറിംഗ് പാടവം കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തി.
ഇരുകാലുകള്‍ കൊണ്ടും ഷോട്ടുകളുതിര്‍ക്കാനുള്ള മിടുക്കും ബോക്സിനുള്ളില്‍ ഏതു ആംഗിളില്‍ നിന്നും ഗോള്‍ നേടാനുള്ള കഴിവും ഛേത്രിയെ എതിര്‍ ടീം ഡിഫന്‍ഡര്‍മാരുടെ പേടിസ്വപ്നമാക്കി മാറ്റുകയും ചെയ്തു. ഏതു പ്രതിരോധ മതിലും മറികടന്ന് ബുള്ളറ്റ് ഹെഡ്ഡറുകളിലൂടെ ഗോളുകള്‍ നേടാനും മിടുക്കനാണ് അദ്ദേഹം. പകരം വയ്ക്കാനില്ലാത്ത ഇതിഹാസത്തെയാണ് ഛേത്രിയുടെ വിരമിക്കലിലൂടെ ഇന്ത്യക്ക് നഷ്ടമാവുന്നത്.
ഫുട്ബോളെന്നതു ഛേത്രിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നു പറയേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ അച്ഛന്‍ മാത്രമല്ല അമ്മയും ഫുട്ബോള്‍ താരമായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഛേത്രിയുടെ അച്ഛന്‍ ഖാര്‍ഗ ഛേത്രി ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. ആര്‍മിയുടെ ഫുട്ബോള്‍ ടീമിനായി അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.
ഛേത്രിയുടെ അമ്മ സുശീല ഛേത്രിയും അവരുടെ ഇരട്ട സഹോദരിമാരും നേപ്പാളിന്റെ ദേശീയ ഫുട്ബോള്‍ ടീമിന് വേണ്ടിയും പന്തു തട്ടി. സെക്കന്തരാബാദിലാണ് ഛേത്രി ജനിച്ചതെങ്കിലും ഡല്‍ഹിയെയാണ് അദ്ദേഹം സ്വന്തം നാടായി ചൂണ്ടിക്കാണിക്കാറുള്ളത്. ഗാങ്ടോക്കിലായിരുന്നു ഛേത്രിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം.
പിന്നീട് കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്ക് മാറിയ അദ്ദേഹം ആര്‍മി പബ്ലിക് സ്‌കൂളിലാണ് തുടര്‍ വിദ്യാഭാസം നടത്തിയത്. ഇതിനു ശേഷം അശുതോഷ് കോളേജിലേക്ക് മാറിയ ഛേത്രിക്കു 12ം ക്ലാസ് വരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ. 2001 ഒക്ടോബറില്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ അദ്ദേഹം പഠനം മതിയാക്കി പൂര്‍ണമായും ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2002ല്‍ ഇന്ത്യന്‍ ഫുട്ബോളിലെ പവര്‍ഹൗസുകളായ മോഹന്‍ ബഗാനിലേക്കുള്ള കൂടുമാറ്റമാണ് ഛേത്രിയുടെ ഫുട്ബോള്‍ കരിയറിലെ ടേണിംഗ് പോയിന്റായി മാറിയത്. അവര്‍ക്കൊപ്പം മൂന്ന് സീസണുകള്‍ ചെലവിടാന്‍ കഴിഞ്ഞത് ഒരു ഫുട്ബോളറെന്ന നിലയില്‍ തന്റെ കഴിവുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.
വലിയ കാണികള്‍ക്ക് മുന്നില്‍ ഉയര്‍ന്ന സമ്മര്‍ദ്ദമുണ്ടാക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചത് ഛേത്രിക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു. ബഗാന്‍ വിട്ട ശേഷമാണ് അദ്ദേഹം പഞ്ചാബില്‍ നിന്നുള്ള ജെസിടിയിലെത്തിയത്. ഛേത്രി താരപദവിയിലേക്കുയര്‍ന്നതും ഇവിടെ വച്ചാണ്. 48 മല്‍സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ അവര്‍ക്കായി അദ്ദേഹം സ്‌കോര്‍ ചെയ്തു.
പിന്നീട് ഈസ്റ്റ് ബംഗാള്‍, ഡെംപോ, കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, ചിരാഗ് യുണൈറ്റഡ്, സ്പോര്‍ട്ടിംഗ് സിപി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമുള്ള ക്ലബ്ബുകളില്‍ ഛേത്രി തന്റെ ഗോള്‍സ്‌കോറിംഗ് പാടവം തുടര്‍ന്നു. 2005 ഇന്ത്യക്കായി അരങ്ങേറിയ അദ്ദേഹം ഇതിനകം 94 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇന്ത്യക്കായി ഏറ്റവുമധികം ഗോളുകള്‍ അടിച്ചുകൂട്ടിയ ഛേത്രി ഏഴു തവണയാണ് രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയത്.