ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിസംഘടനകളുടെ പ്രതിഷേധ മാർച്ച് ഇന്നു നടക്കും. മാർച്ച് ആഹ്വാനം ചെയ്തതിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. സുരക്ഷയ്ക്കായി 6000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ബംഗാൾ സെക്രട്ടറിയേറ്റിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നത്. മാർച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് തടയാനാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം. കൊൽക്കത്ത പൊലീസിനും ഹൗറ സിറ്റി പൊലീസിനും പുറമെ കോംബാറ്റ് ഫോഴ്‌സ്, ഹെവി റേഡിയോ ഫ്ളയിങ് സ്ക്വാഡ്, ആർ.പി.എഫ് എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.