ഹൈദരാബാദിലെ ഹയാത് നഗറിലെ സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. അജയ് ഗേറ്റിനടുത്ത് കളിക്കുമ്പോള്‍ പെട്ടന്ന് ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീഴുകയായിരുന്നു. ഹയത്‌നഗര്‍ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്.
കളിക്കുന്നതിനിടെ ചില കുട്ടികള്‍ ഗേറ്റില്‍ കയറി ആടിയതോടെയാണ് അപകടം സംഭവിച്ചതെന്നാണ് ഹയാത്‌നഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. നാഗരാജു പറയുന്നത്. ഗേറ്റില്‍ കയറി ചില കുട്ടികള്‍ ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകര്‍ന്ന് അജയുടെ മേല്‍ പതിക്കുകയായിരുന്നു. തലക്ക് ഗുരുതമായി പരിക്കേറ്റ കുട്ടിയെ ഇടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും ആരോഗ്യ നില വഷളായതോടെ വനസ്ഥലിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ ചികിത്സക്കിടെ കുട്ടി മരണപ്പെട്ടുനാഗരാജു വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്നും പ്രിന്‍സിപ്പലിനെതിരെ കേസെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.