ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനങ്ങൾ പോലും നിലനിൽക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തഞ്ചാവൂരിൽ നടന്ന റാലിയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച സ്റ്റാലിൻ ഇന്ത്യയിൽ ജനാധിപത്യം തുടരണോ വേണ്ടയോ എന്ന് 2024 തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.തൻ്റെ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ജമ്മു-കശ്മീർ സംസ്ഥാനത്തിൻ്റെ ശിഥിലീകരണത്തെ കുറിച്ചും പ്രസംഗത്തിൽ സ്റ്റാലിൻ ചൂണ്ടികാട്ടി. മാത്രമല്ല നാളെ തമിഴ്‌നാടിനും ജമ്മു-കശ്മീരിന്റെ അതേ വിധി വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"നമ്മുടെ കൺമുന്നിൽ ജമ്മു-കശ്മീർ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടത് എങ്ങനെയെന്ന് നമ്മൾ കണ്ടു. ജനങ്ങളുടെ അംഗീകാരമില്ലാതെ അത് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഇപ്പോൾ അവിടെ നിയമസഭയില്ല. അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇപ്പോൾ പോലും അവർ ജമ്മു കശ്മീരിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യമാണ്," സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഇതുതന്നെ സംഭവിച്ചേക്കാം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അപകടത്തിലാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്തോറും നിരവധി പ്രതിപക്ഷ നേതാക്കളെ പ്രചാരണം നടത്താതിരിക്കാൻ അറസ്റ്റ് ചെയ്യുന്നുണ്ട്. പ്രതിപക്ഷത്തെ അടിച്ചമർത്താൻ മാത്രമല്ല രാജ്യത്തെ നശിപ്പിക്കാനും പ്രധാനമന്ത്രി തനിക്കുള്ള അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് വിതരണം ചെയ്യുന്നില്ലെന്നും ഇതുമൂലം തമിഴ് ജനത തനിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യം കാരണം പ്രധാനമന്ത്രിയുടെ ഉറക്കം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തമിഴ്‌നാട് ഏപ്രിൽ 19ന് ഒറ്റഘട്ടമായി വോട്ട് ചെയ്യും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.